അറ്റ്ലസ് രാമചന്ദ്രന്‍റെ കസ്റ്റഡി നീട്ടി; പ്രശ്നം തീര്‍ക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍

ദുബൈ: അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. എം രാമചന്ദ്രന്‍്റെ ജുഡിഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 29 വരെ നീട്ടി. യു.എ.ഇയിലെ അഞ്ചു ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ ആഗസ്റ്റ് 23 നാണ് ദുബൈ പൊലിസ് അറ്റ്ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. യു.എ ഇയിലെ 15 ബാങ്കുകളില്‍ നിന്ന് 550 ദശ ലക്ഷം ദിര്‍ഹം (900 കോടി രൂപ) വായ്പ എടുത്തു തിരിച്ചടച്ചില്ളെന്നാണ് രാമചന്ദ്രന് എതിരായ പ്രധാന പരാതി. വായ്പ നല്‍കിയവരില്‍ അഞ്ചു ബാങ്കുകളാണ് തിരിച്ചടവിന് വണ്ടിചെക്ക് നല്‍കിയതായി  പൊലിസില്‍ പരാതിപ്പെട്ടത്.
രാമചന്ദ്രന്‍്റെ ജാമ്യ ഹരജി തള്ളിയ ജഡ്ജി അബ്ദുല്‍ മൊഹ്സിന്‍ ഷീആ 29 വരെ കസ്റ്റഡി നീട്ടി ഉത്തരവിട്ടു. കോടതിയില്‍ രാമചന്ദ്രനെ ഹാജരാക്കിയിരുന്നു. 29 നു വീണ്ടും ഹാജരാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. രാമചന്ദ്രന് വേണ്ടി അഡ്വ. ഹമദ് അലി ഹാജരായി.
 
അതിനിടെ അറ്റ്ലസ് ഗ്രൂപ്പ്  വായ്പ വാങ്ങിയ ബാങ്കുകളുമായി കൂടിയാലോചന നടത്താന്‍ യു.എ.ഇയിലെ ഒരു കണ്‍സല്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കുമെന്നും അതിനുള്ള ആസ്തി തനിക്കുണ്ടെന്നും രാമചന്ദ്രന്‍ യു.എ.ഇയിലെ വാര്‍ത്താ വെബ്സൈറ്റ് ആയ എമിറേറ്റ് 24 x7ഡോട്കൊമിനെ അറിയിച്ചു. പണം തിരിച്ചു കിട്ടിയാല്‍ നിയമ നടപടികളില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് ബാങ്കുകള്‍ ഉറപ്പു കൊടുത്തിട്ടുണ്ട്.
കാല്‍ നൂറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന അറ്റ്ലസ് രാമചന്ദ്രനോട് ഇന്ത്യന്‍ സമൂഹം അനുഭാവ സമീപനമാണ് കാണിക്കുന്നത്. അറ്റ്ലസിന്‍്റെ ഷോ റൂമുകളില്‍ സ്റ്റോക്ക് കുറവാണെങ്കിലും അവിടെ നിന്ന് സ്വര്‍ണം വാങ്ങി ഗ്രൂപ്പിനെ സഹായിക്കാന്‍ മലയാളികളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അറ്റ്ലസ് രാമചന്ദ്രന്‍്റെ കാര്യത്തില്‍ ഇന്ത്യന്‍ ബാങ്കുകള്‍ സാവകാശം നല്‍കാന്‍ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട്  പ്രവാസികള്‍ അഭ്യര്‍ഥിച്ചു . ഗള്‍ഫില്‍ ജ്വല്ലറികളും ആശുപത്രികളുമായി 50 ാളം സ്ഥാപനങ്ങള്‍ അറ്റ്ലസിനുണ്ട്. ഇന്ത്യയിലെ അറ്റ്ലസ് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷമാണ് ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചില്‍ ലിസ്റ്റ് ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.