30 ശതമാനത്തില്‍ താഴെ പ്രവേശം കോളജുകള്‍ തീരുമാനം അറിയിക്കണം -സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: സംസ്ഥാനത്ത് 30 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥി പ്രവേശം നടന്ന എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കാന്‍ കോളജ് മാനേജ്മെന്‍റുകള്‍ക്ക് സാങ്കേതിക സര്‍വകലാശാലാ നിര്‍ദേശം. 13 കോളജുകളിലാണ് ഒന്നാം വര്‍ഷ ബി.ടെക്കിന് 30 ശതമാനത്തില്‍ താഴെ പ്രവേശം നടന്നത്. ഇതില്‍ ഒന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ആണ്. 12 സ്വകാര്യ സ്വാശ്രയ കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും ഐ.എച്ച്.ആര്‍.ഡി കോളജ് പ്രിന്‍സിപ്പലിനെയുമാണ് സാങ്കേതിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.കെ.പി. ഐസക്കും പ്രോ വൈസ്ചാന്‍സലര്‍ ഡോ.എം. അബ്ദുറഹ്മാനും വിളിപ്പിച്ചത്.
കുറഞ്ഞ വിദ്യാര്‍ഥികളുമായി ബാച്ച് നടത്തിക്കൊണ്ടുപോകുന്നതിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഇവരെ തൊട്ടടുത്ത എന്‍ജിനീയറിങ് കോളജുകളിലേക്കോ സഹോദര സ്ഥാപനങ്ങളുള്ളവര്‍ക്ക് അങ്ങോട്ടോ മാറ്റാവുന്നതാണെന്ന് വി.സി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം ഒന്നാം വര്‍ഷ ബാച്ച് പ്രവേശത്തിന് തടസ്സമില്ലാത്ത രൂപത്തില്‍ അഫിലിയേഷന്‍ തുടരുന്നത് പരിഗണിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ച സമയവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രവേശം കുറഞ്ഞെന്ന കാരണത്താല്‍ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാന്‍ സര്‍വകലാശാലക്ക് സാധിക്കില്ല. എന്നാല്‍, അക്കാദമിക നിലവാരം പരിശോധിച്ച് നടപടിയെടുക്കാനാകും. ഇതിന്‍െറ ഭാഗമായി ഇത്തരം കോളജുകളെ അക്കാദമിക് ഓഡിറ്റിങ്ങിലൂടെ സൂക്ഷ്മമായി വിലയിരുത്തി നടപടിയെടുക്കാനാണ് സാങ്കേതിക സര്‍വകലാശാലാ അധികൃതര്‍ ആലോചിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.