വിഴിഞ്ഞം: സര്‍ക്കാര്‍ അലംഭാവം വെടിയണം -ആക്ഷന്‍ കൗണ്‍സില്‍


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യതുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ വിഴിഞ്ഞം തുറമുഖ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓണത്തിനുശേഷം ചര്‍ച്ച തുടരാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വവും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഓണത്തിനുശേഷം ചര്‍ച്ച തുടരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. ഈ ഉറപ്പ് പാലിക്കപ്പെടാത്തതില്‍  യോഗംആശങ്ക രേഖപ്പെടുത്തി.
മത്സ്യത്തൊഴിലാളികളുടെ ആശങ്കപരിഹരക്കണമെന്നാവശ്യപ്പെട്ട് വാഹനപ്രചാരണ ജാഥകളും ഫൊറോനാതല കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാനും ഞായറാഴ്ച പുല്ലുവിള, 20ന് പേട്ട ഫൊറോന കണ്‍വെന്‍ഷനുകള്‍ നടത്താനും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടൊപ്പം ഇടവകതല കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും. യോഗത്തില്‍ മോണ്‍. തോമസ് നെറ്റോ, മോണ്‍. ജയിംസ് കുലാസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. സൈറസ് കളത്തില്‍, ഫാ. മൈക്കിള്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഈമാസം 12ന് വൈകീട്ട് നാലിന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.