ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആദിവാസി യുവതി ആംബുലന്‍സിലും ആശുപത്രി വരാന്തയിലുമായി പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും മരിച്ച സംഭവത്തില്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രി ഗൈനക്കോളജിസ്റ്റായ ഡോ. സുഷമയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശശിധരന്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഡോ. സുഷമയുടെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടത്തെി. ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
 മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നിര്‍ദേശപ്രകാരം യുവതിക്ക് പട്ടികവര്‍ഗ വകുപ്പ് ഒരു ലക്ഷം രൂപ അടിയന്തര ധനസഹായമായും ചികിത്സക്കായി പതിനായിരം രൂപയും അനുവദിച്ചു. ഈ തുക ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍  വീട്ടിലത്തെി കുടുംബത്തിന് കൈമാറി. ബുധനാഴ്ച പുലര്‍ച്ചെയാണ് വാളാട് എടത്തന പുത്തന്‍മിറ്റം കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറുമായി നഴ്സ് ബന്ധപ്പെട്ടപ്പോള്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കൊണ്ടുപോകുന്ന വഴി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പനമരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ബാത്ത്റൂമിനടുത്തുള്ള വരാന്തയില്‍ ഒരു ആണ്‍കുഞ്ഞിനും പച്ചിലക്കാട് വെച്ച് ആംബുലന്‍സില്‍ ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കി. മരിച്ച മൂന്നാമത്തെ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അനിതയുടെ ആദ്യ പ്രസവമായിരുന്നു ഇത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.