ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശവുമായി ലീഗ് മുഖപത്രം

കോഴിക്കോട്: ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുസ് ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തടസം നില്‍ക്കുന്നുവെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍വകലാശാല സ്ഥാപിക്കുന്നത് വര്‍ഗീയത ആളിക്കത്തിക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറി  െക.എം. എബ്രഹാമും സര്‍വകലാശാലക്കെതിരായ നിലപാട് സ്വീകരിച്ചു. ഒരു വിദേശ ഭാഷക്ക് മാത്രമായി സര്‍വകലാശാല ആരംഭിക്കാനാവില്ല എന്നതാണ് ഏറ്റവും ഒടുവിലായി ചീഫ് സെക്രട്ടറി എടുത്ത നിലപാട്. വിഷലിപ്തമായ സവര്‍ണ ഫാസിസ്റ്റ് ബോധമാണ് ഇത്തരക്കാരുടേത്. അറബി മുസ്ലിംകളുടേതാണ് എന്നു പറയുന്നത് സംസ്കൃതം ഹിന്ദുക്കളുടേതാണ്, റബര്‍മരം ക്രിസ്ത്യാനികളുടേതാണ് എന്നെല്ലാം കള്ളിവരക്കുന്നതിന് സമാനമാണ്. ഇത്തരം സങ്കുചിതത്വങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് മുസ ലിം ലീഗ് പോലെ ഒരു പാര്‍ട്ടിക്ക് കേരളത്തില്‍ സംസ്കൃതത്തിന് വേണ്ടി ഒരു സര്‍വകലാശാല ആരംഭിക്കാനാവുന്നതും അറബിക് സര്‍വകലാശാല വേണമെന്നു പറയാന്‍ കഴിയുന്നതെന്നും 'സര്‍വകലാശാലകളില്‍ മതം തിരയുന്നവര്‍' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല എന്ന ആശയം വ്യവസ്ഥാപിതമായി മുന്നോട്ടുവന്നത്. ഇതിന്‍റെ ചുവടു പിടിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. പി അന്‍വര്‍ ചെയര്‍മാനും പ്രഫ. സി.ഐ അബ്ദുറഹ്മാന്‍ കണ്‍വീനറുമായ ഉപസമിതി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടി.പി ശ്രീനിവാസന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറബിക് സര്‍വകലാശാല ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, അലീഗഡ് മുസ് ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ് ഇഫ്ളു തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃകയില്‍ നോണ്‍ അഫിലിയേറ്റിങ് സര്‍വകലാശാല ആരംഭിക്കണമെന്നായിരുന്നു നിര്‍ദേശം.

അറബിയെ ഒരു ഭാഷ എന്നതിലപ്പുറം ഒരു മതത്തിന്‍്റെയും സമുദായത്തിന്‍റെയും ആത്മീയ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിനിമയോപാധി എന്ന നിലയില്‍ കണ്ടിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. സാമുദായികതയുടെ അളവുകോല്‍ വെച്ച് വിഷയങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന (കുറച്ചുകാലമായി ശക്തിപ്പെട്ട) നിലപാടുകളും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ആശയവിനിമയത്തിനുള്ള ഉപാധി എന്ന ഭാഷയുടെ ലളിതമായ നിര്‍വചനം പോലും അറിയുമായിരുന്നെങ്കില്‍ ഈ ഭയം അസ്ഥാനത്താകുമായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.