ഹൈകോടതി വിധിക്ക് സ്റ്റേ; പാറമടകള്‍ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമട ഖനന ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണമെന്ന ഹൈകോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായി കൊണ്ടുവന്ന ചട്ട ഭേദഗതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലിയിലെ പാറമട ഉടമ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി സ്റ്റേ ചെയ്തത്. ഇതോടെ, നിലവിലുള്ള പാറമടകള്‍ക്ക് പരിസ്ഥിതി അനുമതിയില്ലാതെ ഒരു വര്‍ഷം കൂടി പ്രവര്‍ത്തിക്കാം.
നിലവിലുള്ള പാറമടകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ളെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം റദ്ദാക്കിയായിരുന്നു ഹൈകോടതി അനുമതി വേണമെന്ന വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഏതാനും പരിസ്ഥിതി സംഘടനകള്‍ സമീപിച്ചപ്പോഴായിരുന്നു ഹൈകോടതി ഇടപെടല്‍. 
ഇതിനെതിരെ അങ്കമാലിയിലെ ക്വാറി ഉടമ ടി.കെ. തോമസ് സമര്‍പ്പിച്ച ഹരജി പരിഗണനക്കെടുത്തപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് ഹൈകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. പ്രതികരണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. തങ്ങള്‍ കൊണ്ടുവന്ന ചട്ടഭേദഗതിയെ ഹൈകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നു. നിലവിലുള്ള പാറമടകളും പരിസ്ഥിതി അനുമതിക്ക് അപേക്ഷിച്ച് കാത്തിരുന്നാല്‍ കേരളത്തിലെ നിര്‍മാണ മേഖല സ്തംഭിക്കുമെന്നായിരുന്നു വാദം. ഈ വാദം പാറമട ഉടമയുടെ ഹരജിയിലുമുണ്ട്. 2011 വരെ അഞ്ച് ഹെക്ടര്‍ വരെയുള്ള ഖനനത്തിന് പരിസ്ഥിതി  അനുമതി ആവശ്യമില്ലായിരുന്നുവെന്നും ഹരജിക്കാരന്‍ ബോധിപ്പിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.