കൊച്ചി: നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗൺഹാളിൽ നൽകിയ സ്വീകരണത്തിലായിരുന്നു സതീശന്‍റെ പ്രതികരണം.
നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോൾ ചിരിക്കണമെന്ന് 14 ജില്ലകളിലും താൻ പറഞ്ഞിരുന്നു. അവർ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എൽ.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചു. കമ്യൂണിസ്റ്റുകാരുടെ മുഴുവൻ പ്രതീക്ഷയും ഇപ്പോൾ യു.ഡി.എഫിലാണ്.
ഇനി യു.ഡി.എഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയർത്താനാകൂ എന്ന് ജനം ചിന്തിച്ചതിന്‍റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകന്റെയും വിയർപ്പിന്റെ ഫലമാണ്. പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളിൽ നിന്നും പാഠം പഠിക്കണം. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനുള്ള പരിശ്രമം നേതാക്കൾ നടത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പക്കാ സി.പി.എമ്മുകാർ ചില സ്ഥലത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കും. എസ്.ഐ.ആർ പ്രക്രിയയിൽ എന്തെങ്കിലും ക്രമക്കേടുകൾ കാണിച്ചാൽ ബി.എൽ.ഒമാരുടെ ജോലി കളയുമെന്ന് അവരോട് പറയണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫ് മുന്നണി അടിത്തറ പലരീതിയില്‍ വിപുലീകരിക്കുമെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അതില്‍ ചിലപ്പോള്‍ എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളുണ്ടാകും. ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ആരുമായും ഇപ്പോള്‍ ചര്‍ച്ച നടത്തുന്നില്ല. ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. അതൊക്കെ രാഷ്ട്രീയ തീരുമാനമാണ്. യു.ഡി.എഫിലേക്ക് ആരെയെങ്കിലും കൊണ്ടുവരുന്ന കാര്യം നേതൃത്വം തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ജയിച്ചെന്നു കരുതി എല്ലാം ആയെന്ന് കരുതുന്നില്ല.
നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്. അതിനും അപ്പുറത്തേക്ക്, പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുല പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറും.
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെ തീരുമാനിക്കുന്നതിന് നടപടിക്രമമുണ്ട്. യു.ഡി.എഫ് കക്ഷികളുമായി ബന്ധപ്പെട്ടുള്ളത് മുന്നണി ജില്ല നേതൃത്വം തീരുമാനിക്കും. അതിനുള്ള മാനദണ്ഡം ജില്ല ഘടകങ്ങള്‍ക്ക് നല്‍കും. കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.പി.സി.സിയാണ്.
അതുസംബന്ധിച്ച മാനദണ്ഡങ്ങളും അടുത്ത ദിവസം തന്നെ നല്‍കും. അതനുസരിച്ച് കെ.പി.സി.സിയും ഡി.സി.സിയും നിയോഗിക്കുന്ന നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കും. അല്ലാതെ സോഷ്യല്‍ മീഡിയ അല്ല തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെ തീരുമാനിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.