കേരള കോണ്‍ഗ്രസില്‍ മാണി ഒറ്റപ്പെടുന്നു

കോട്ടയം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന വിജിലന്‍സ് കോടതി ഉത്തരവ് പുറത്തുവന്നതോടെ കേരള കോണ്‍ഗ്രസില്‍ കെ.എം. മാണി ഒറ്റപ്പെടുന്നു. ആരോപണം ഉയര്‍ന്നത് മുതല്‍ മാണിക്കെതിരെ പാര്‍ട്ടിയില്‍ അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയാറായിരുന്നില്ല. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായ പി.സി. ജോര്‍ജ് മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായതോടെയാണ് പി.ജെ. ജോസഫ് അടക്കമുള്ള പ്രമുഖര്‍ ആരും മാണിക്കെതിരെ രംഗത്തുവരാതിരുന്നത്.

എന്നാല്‍, വ്യാഴാഴ്ച വിജിലന്‍സ് കോടതി ഉത്തരവ് പുറത്തുവന്നതോടെ പി.ജെ. ജോസഫിന്‍െറ നേതൃത്വത്തില്‍ പഴയ ജോസഫ് വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്ന് വിധിയുടെ വരുംവരായ്കകളും അത് പാര്‍ട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന പൊട്ടിത്തെറികളും ചര്‍ച്ച ചെയ്തതായാണ് വിവരം. എന്നാല്‍, തല്‍ക്കാലം പരസ്യ പ്രതികരണത്തിന് മുതിരേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മാണി ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിയിലെ നല്ളൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. കേസില്‍ മാണിക്കെതിരെ ആരോപണം ഉയര്‍ന്നതു മുതല്‍ അദ്ദേഹത്തെ അനുകൂലിച്ചുപോന്ന പലരും ഇപ്പോള്‍ മൗനം പാലിക്കുന്നതും മാണിക്ക് തിരിച്ചടിയാകുന്നുണ്ട്.

ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പേരില്‍ ജോസഫിനെക്കൂടി രാജിവെപ്പിച്ച് മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാന്‍ മാണി ആലോചിക്കുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, മാണിക്കൊപ്പം രാജിവെക്കരുതെന്നാണ് ജോസഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പുതിയ ശാക്തീകരണത്തിന് വഴിവെക്കുമെന്നാണ് സൂചന. മാണിയുടെ മകന്‍ ജോസ് കെ. മാണിക്കെതിരെയുള്ള വികാരവും ഇപ്പോള്‍ ശക്തി പ്രാപിക്കുകയാണ്.

എം.എല്‍.എമാരില്‍ ബഹുഭൂരിപക്ഷവും നിശ്ശബ്ദരാണെങ്കിലും ഒരു അവസരത്തിന് കാത്തിരിക്കുകയാണ് അവര്‍. പാര്‍ട്ടിയില്‍നിന്ന് പുറത്തായെങ്കിലും കേരള കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കാന്‍ പി.സി. ജോര്‍ജ് നീക്കം ശക്തമാക്കിയിട്ടുണ്ട്. തക്കംപാര്‍ത്തിരുന്ന ജോര്‍ജ് പുതിയ കോടതി ഉത്തരവ് വന്നതോടെ പലരുമായും ബന്ധപ്പെടുന്നതായാണ് വിവരം. മാണിക്കെതിരെ തുടക്കം മുതല്‍ താന്‍ പറഞ്ഞുവന്നിരുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും ജോര്‍ജ് അവകാശപ്പെടുന്നു. മാണിക്കെതിരായ നീക്കത്തിന് വേണ്ടിവന്നാല്‍ പഴയ നേതാവ് ജോസഫിനൊപ്പം കൂട്ടുചേരാനും ജോര്‍ജ് മടിക്കില്ളെന്നാണ് സൂചന.

മാണിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഏത് നീക്കത്തിനും ആരുടെ പിന്തുണ തേടാനും തനിക്ക് മടിയില്ളെന്ന് ജോര്‍ജ് വ്യക്തമാക്കിയിരിക്കുകയാണ്. യു.ഡി.എഫുമായി മാനസികമായി അകന്നുനില്‍ക്കുന്ന മാണിയോട് പല യു.ഡി.എഫ് നേതാക്കള്‍ക്കും ഇപ്പോള്‍ പഴയ താല്‍പര്യമില്ല. അവരും മാണിക്കെതിരായ നീക്കത്തിനായി അവസരം കാത്തിരിക്കുമ്പോഴാണ് കോടതി വിധി വന്നത്. വി.എം. സുധീരന്‍ അടക്കമുള്ളവരാണ് ഈ നീക്കത്തിന് പിന്നില്‍.

കോട്ടയത്ത് പാര്‍ട്ടി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ മാണി രാത്രി പാലായിലത്തെി വിശ്വസ്തരുമായി രഹസ്യ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, രാജിവെക്കേണ്ടെന്ന നിലപാടിലാണ് മാണിയും വിശ്വസ്തരും. രാജിവെച്ചാല്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന ആശങ്കയും വിശ്വസ്തര്‍ പങ്കുവെക്കുന്നു. മാണിക്ക് പകരം നേതൃസ്ഥാനത്തേക്ക് മറ്റൊരാളില്ളെന്നും രാജിവെച്ചാല്‍ ജോസഫിനെക്കൂടി രാജിവെപ്പിച്ച് പുറത്തുവരുന്നതാണ് ഉചിതമെന്നും അടുത്ത വിശ്വസ്തര്‍ മാണിയോട് പറഞ്ഞുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.