ചന്ദ്രബോസ്​ വധക്കേസ്​: ഒന്നാംസാക്ഷി വീണ്ടും മലക്കം മറിഞ്ഞു

തൃശൂർ: ചന്ദ്രബോസ്​ വധക്കേസിലെ ഒന്നാംസാക്ഷി അനൂപ് വീണ്ടും മലക്കം മറിഞ്ഞു. കേസിെൻറ വിചാരണ തുടങ്ങിയ ഇന്നലെ കോടതിയിൽ, മുഹമ്മദ് നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് മൊഴി നൽകി കൂറുമാറിയ അനൂപ് ഇന്ന് അത് മാറ്റിപ്പറഞ്ഞു. 164ാം വകുപ്പ് പ്രകാരം താൻ മുമ്പ് മജിസ്​ട്രേറ്റിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഇന്ന് അനൂപ് പറഞ്ഞത്.

മുഹമ്മദ് നിസാമിൻെറ സഹോദരൻ അബ്ദുറസാഖിൽ നിന്നുള്ള ഭീഷണി കാരണമാണ് ഇന്നലെ മൊഴി മാറ്റിപറഞ്ഞത്. തൻെറ ഭാര്യയെയും കുട്ടികളെയും വകവരുത്തുമെന്ന് ഭീഷണിയുണ്ടായി. എന്നാൽ ഇന്നലെ നൽകിയ മൊഴിയോട് സമൂഹത്തിൻെറയും മാധ്യമങ്ങളുടേയും പ്രതികരണം വിലയിരുത്തിയതിൻെറ അടിസ്​ഥാനത്തിൽ പഴയ മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്നുമാണ് അനൂപ് കോടതിയിൽ പറഞ്ഞത്.

നിസാമിൻെറ വാഹനം അതിവേഗം വന്ന് ചന്ദ്രബോസിനെ ഇടിച്ചിടുന്നതും പിന്നീട് വാഹനത്തിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിക്കുന്നതും താൻ കണ്ടുവെന്നാണ് നേരത്തെ മജിസ്​ട്രേറ്റിന് അനൂപ് രഹസ്യ മൊഴി നൽകിയിരുന്നത്. ഈ മൊഴിയാണ് ഇന്നലെ മാറ്റിപ്പറഞ്ഞത്. നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും നിസാം നിരപരാധിയാണെന്നാണ് തോന്നുന്നതെന്നുമാണ് ഇന്നലെ പറഞ്ഞത്. ഇതോടെ, അനൂപ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷെൻറ ആവശ്യം അംഗീകരിച്ച് അക്കാര്യം കോടതി പ്രഖ്യാപിക്കുകയും അനൂപിെൻറ തുടർ വിചാരണ ഇന്ന് നടത്താനും തീരുമാനിച്ചിരുന്നു. പൊലിസ്​ സംരക്ഷണത്തോടെ ബോണ്ട് ജാമ്യത്തിലാണ് ഇന്നലെ അനൂപിനെ വിട്ടത്.

ഇന്ന് വിചാരണ തുടങ്ങിയപ്പോഴാണ് അനൂപ് താൻ മുമ്പ് മജിസ്​ട്രേറ്റിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായി അറിയിച്ചത്. അനൂപിെൻറ മൊഴി മാറ്റിപ്പറയുന്നത് ഏതു തരത്തിൽ സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും. അടിക്കടി മൊഴി മാറ്റുന്നത് വിശ്വാസ്യതയില്ലാത്ത സാക്ഷിയായി പ്രഖ്യാപിക്കാൻ ഇടയാക്കുമെന്നും കേസ്​ അട്ടിമറിക്കാൻ ചിലർ അത്തരത്തിൽ ചെയ്യാറുണ്ടെന്നും നിയമ വൃത്തങ്ങളിലുള്ളവർ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.