സി.ഡി.പി.ഒ നിയമനം: സംവരണ മാനദണ്ഡം നടപ്പാക്കുന്നതില്‍ ക്രമക്കേടെന്ന് ആക്ഷേപം

കോട്ടയം: സാമൂഹിക നീതി വകുപ്പില്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫിസര്‍ തസ്തികയിലെ നിയമനത്തില്‍ സംവരണമാനദണ്ഡം നടപ്പാക്കുന്നതില്‍ ക്രമക്കേടെന്ന് ആക്ഷേപം. റാങ്ക് പട്ടികയില്‍നിന്ന് അഡൈ്വസ് മെമ്മോ അയക്കുന്നതിനുള്ള ലിസ്റ്റ് തയാറാക്കിയതിലാണ് തിരിമറി നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ആഗസ്റ്റ് നാലിന് നിലവില്‍വന്ന റാങ്ക് പട്ടികയില്‍നിന്ന് 34 ഒഴിവുകളിലേക്കുള്ള അഡൈ്വസ് മെമ്മോ ആണ് പി.എസ്.സി അയച്ചിരിക്കുന്നത്. ഇതില്‍ ആദ്യ രണ്ട് ശിപാര്‍ശകള്‍ യഥാക്രമം എന്‍.ജെ.ഡി(ഒ.സി) ആയും ടി.പി.ഒ(എസ്.ഇ) ആയും നല്‍കി.
തുടര്‍ന്ന് മെയിന്‍ റൊട്ടേഷന്‍ ആരംഭിക്കുന്നത് പി.എസ്.സിയുടെ രേഖപ്രകാരം റൊട്ടേഷന്‍ ചാര്‍ട്ടിലെ 54ഇ മുതലാണ്. ഈ സ്ഥാനത്ത് റാങ്ക് പട്ടികയിലെ ആറാമതുള്ള ഈഴവ ഉദ്യോഗാര്‍ഥിക്ക് മൂന്നാമതായി ശിപാര്‍ശ നല്‍കിയത് മെയിന്‍ റൊട്ടേഷനിലെ 63 ഒ.സി ആയി രേഖപ്പെടുത്തിയാണ്. 63 ഒ.സിയും 54ഇയും പരസ്പരം മാറ്റി രണ്ടു സ്ഥാനങ്ങളിലും ഒരേ സമുദായത്തില്‍പ്പെട്ടവര്‍ നിയമിക്കപ്പെട്ടു.
ഇതുമൂലം 12ാമത് റൊട്ടേഷനിലെ 63 ഒ.സി ആയി നിയമനം ലഭിക്കേണ്ട ഓപണ്‍ വിഭാഗത്തിലെ എട്ടാം റാങ്ക്കാരിക്ക് 65 ഒ.സി ആയി 14ാമതാണ് നിയമനം ലഭിച്ചത്. പിന്നീട് ഓപണ്‍ വിഭാഗത്തില്‍ തുടര്‍ന്ന് നിയമനം ലഭിച്ചവര്‍ സീനിയോറിറ്റി രണ്ട് സ്ഥാനത്തിന് പിന്നിലായതായി പറയുന്നു. 33ാമതായി മെയിന്‍ റൊട്ടേഷനില്‍ 84 എസ്.സി ആയി നിയമനം ലഭിക്കേണ്ട് 38ാം റാങ്ക്കാരിക്ക് അഡൈ്വസ് മെമ്മോ നല്‍കാതെ, 50 ശതമാനം റൂള്‍ നടപ്പാക്കുന്നതിന് ടി.പി.ഒ ആയി മാറ്റി നിര്‍ത്തുകയും ചെയ്തു. റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി നിലനിര്‍ത്തുന്നതിന് റൊട്ടേഷന്‍ സ്ഥാനങ്ങള്‍ പരസ്പരം മാറുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളോട് അധികൃതര്‍ വിശദീകരിച്ചത്.
സംവരണ റൊട്ടേഷന്‍ പാലിക്കാതെയുള്ള നടപടി അര്‍ഹരായവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അഡൈ്വസ് മെമ്മോ തയാറാക്കിയപ്പോള്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടയാളെ പട്ടികയില്‍ ആദ്യസ്ഥാനത്ത് തിരുകിക്കയറ്റിയതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. കഴിഞ്ഞ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ നടത്തിയ അഡൈ്വസ് മെമ്മോയുടെ വിവരം ആവശ്യപ്പെട്ട ഉദ്യോഗാര്‍ഥിക്ക് പ്രസിദ്ധപ്പെടുത്തിയ പട്ടിക ആയതിനാല്‍ തരാനാവില്ളെന്ന മറുപടിയാണ് പി.എസ്.സി ഉദ്യോഗസ്ഥര്‍ നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.