ഫാഷിസത്തിനെതിരെ സാംസ്കാരികസംഗമം: നാട്ടില്‍ ഇപ്പോള്‍ കാണുന്നത് മതഭ്രാന്ത് –ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

തിരുവനന്തപുരം: സമൂഹത്തെ ഉലയ്ക്കുന്ന മതഭ്രാന്താണ് ഇന്ന് നാട്ടിലുള്ളതെന്ന് ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്. ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) സംഘടിപ്പിച്ച ‘ഫാഷിസത്തിനെതിരായ സാംസ്കാരിക സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്തകരെയും എഴുത്തുകാരെയും കൊന്നൊടുക്കുന്നത് മതഭ്രാന്ത് പിടിച്ചവരാണ്.
അമിതമായ ഭ്രാന്തിന്‍െറ ലക്ഷണം കണ്ടിട്ടും പല സഭകളുടെയും മേലധ്യക്ഷന്മാര്‍ ശക്തമായി പ്രതികരിക്കുന്നില്ല. സമൂഹത്തില്‍ അവബോധം ഉണ്ടാക്കേണ്ട പലരും മൗനം പാലിക്കുകയാണ്. നിലവിലെ രാഷ്ട്രീയ-ഭരണ സംവിധാനത്തില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന വിചാരമാവാം അവരെ പ്രതികരണത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. വിലക്കില്ലാതെ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. ഗോമാംസം കഴിക്കുന്നതും ജനാധിപത്യ അവകാശമാണ്. മതത്തിന്‍െറ പേരിലെ വേര്‍തിരിവും ജാതി വിവേചനമുണ്ടാക്കുന്ന അലോസരപ്പെടുത്തുന്ന ചുറ്റുവട്ടവും പഠനവിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വവും ജനാധിപത്യവും ഐ.സി.യുവിലാണെന്ന് വിഷയം അവതരിപ്പിച്ച ‘മാധ്യമം’ പീരിയോഡിക്കല്‍സ് എഡിറ്ററും സാഹിത്യകാരനുമായ പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. രാജ്യം വല്ലാത്തൊരു അവസ്ഥയിലാണ്. മുസ്ലിംകള്‍ മാട്ടിറച്ചി തിന്നുന്നത് നിര്‍ത്തണമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞിട്ട് ആരും പ്രതികരിക്കാന്‍ നട്ടെല്ലുകാണിച്ചില്ല. മൗനം അപകടകരവും ക്രിമിനല്‍ കുറ്റവുമാണെന്നും പാറക്കടവ് ചൂണ്ടിക്കാട്ടി. എഫ്.ഡി.സി.എ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് ഡി. ശ്രീദേവി അധ്യക്ഷത വഹിച്ചു. ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, ഫാ. യൂജിന്‍ പെരേര, ബിഷപ് ഡോ. ധര്‍മരാജ് റസാലം, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, കവി പ്രഭാവര്‍മ, എസ്.ആര്‍. ശക്തിധരന്‍, സരിതാ വര്‍മ, കെ. ജഗദീശന്‍, സ്വാമി അശ്വതി തിരുനാള്‍, ബി. മുരളി, സി. റഹീം, പ്രദീപ് പനങ്ങാട്, ജഗദീശ് കോവളം, ഭാസുരേന്ദ്രബാബു, പത്തിയൂര്‍ ശ്രീകുമാര്‍, സുനില്‍ വെട്ടിയറ, അഡ്വ. മനോഹരന്‍പിള്ള, പ്രിയ സുനില്‍, എച്ച്. ഷഹീര്‍ മൗലവി, എഫ്.ഡി.സി.എ ജനറല്‍ സെക്രട്ടറി വയലാര്‍ ഗോപകുമാര്‍, സെക്രട്ടറി മെഹബൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.