വടകര ജില്ലാ ആശുപത്രിയിലെ ആയുധപൂജ വിവാദത്തില്‍

വടകര: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വടകര ജില്ലാ ഗവ. ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററില്‍ ആയുധപൂജ നടത്തിയത് വിവാദമാകുന്നു. പൂജയുടെ ഒരുക്കങ്ങളും വിഡിയോ ദൃശ്യങ്ങളുംസോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ്  സംഭവം പുറത്തായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച പൂജ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്.
ഓപറേഷന്‍ തിയറ്ററിലെ ഉപകരണങ്ങളും സ്റ്റെതസ്കോപ് ഉള്‍പ്പെടെയുള്ളവയും താല്‍ക്കാലികമായി പണിത ക്ഷേത്രമാതൃകയിലുള്ള സ്ഥലത്ത് പൂജക്ക് വെച്ചതിന്‍െറയും നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജ നടത്തിയതിന്‍െറയും ദൃശ്യങ്ങളാണ് പുറത്തായത്. പൂജക്കു ശേഷം പ്രസാദം ആശുപത്രിയിലെ രോഗികള്‍ക്ക് വിതരണം ചെയ്തതായും പറയുന്നു. അതീവ സുരക്ഷയോടെയും അണുവിമുക്തമായും പരിപാലിക്കേണ്ട ഓപറേഷന്‍ തിയറ്ററില്‍ പൂജ നടത്തിയതും പ്രസാദം ഉണ്ടാക്കിയതും എണ്ണയൊഴിച്ച് വിളക്ക് കത്തിച്ചതും പരക്കെ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. വര്‍ഷംതോറും ആയുധപൂജ നടത്താറുണ്ടെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ളെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവം വിവാദമായതോടെ ഡി.എം.ഒ. പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.