മുസ്ലിം കുടുംബം ഭൂമി നല്‍കി; ക്ഷേത്രത്തിന് റോഡ് ആയി

തരുവണ (വയനാട്): പുരാതന ക്ഷേത്രത്തിലേക്ക് വര്‍ഷങ്ങളായി ഭക്തര്‍ നടക്കുന്നത് വയല്‍ വരമ്പിലൂടെ. ക്ഷേത്രത്തിനു സമീപത്തെ മുസ്ലിം കുടുംബം പ്രശ്നപരിഹാരമുണ്ടാക്കിയതോടെ അത് സാഹോദര്യത്തിന്‍െറ സന്ദേശമായി. പൊരുന്നന്നൂര്‍ വില്ളേജിലെ തരുവണ ചങ്ങാടം പ്രദേശത്തെ 700ഓളം വര്‍ഷം പഴക്കമുള്ള തൊണ്ണമ്പറ്റ ഭഗവതി പരദേവ ക്ഷേത്രത്തിലേക്കാണ് മുസ്ലിംകുടുംബം സംഭാവനനല്‍കിയ ഒമ്പതേമുക്കാല്‍ സെന്‍റ് സ്ഥലത്തിലൂടെ റോഡ് വെട്ടിയത്. പുതിയ റോഡ് പടിഞ്ഞാറ് തിരുമോത്തും റോഡുമായി ബന്ധിപ്പിക്കുന്നതുമായി. പ്രദേശത്തെ പുതിയോട്ടില്‍ കുടുംബമാണ് ഏഴര ലക്ഷം വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയത്.
ഭൂമി ഓഹരിഭാഗം കഴിഞ്ഞതോടെ കുടുംബത്തിലെ വിവിധ അംഗങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. പുതിയോട്ടില്‍ ഇബ്രാഹിം, ആലി, ആമിന, ഇബ്രാഹിം, അബ്ദുറഹിം, പള്ളിയാല്‍ നുസൈബ എന്നിവരാണ് ക്ഷേത്ര റോഡിന് ഭൂമി ദാനംനല്‍കി മാതൃകയായത്. വയല്‍ഭാഗമായ സ്ഥലത്ത് ഇടാനുള്ള മണ്ണും നല്‍കിയത് ഇവരായിരുന്നു. തരുവണ മീത്തല്‍ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ പുതിയോട്ടില്‍ ഉസ്മാന്‍ ഫൈസിയാണ് നേതൃത്വം നല്‍കിയത്. ക്ഷേത്ര കമ്മിറ്റിയും ജനകീയ കമ്മിറ്റിയും ചേര്‍ന്ന് പൊതുജനങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. സി.എം. കരുണാകരന്‍ നമ്പ്യാര്‍ കണ്‍വീനറും പി. ഇബ്രാഹിം ചെയര്‍മാനുമായിരുന്നു. സി.പി. രാമചന്ദ്രന്‍, ശിവന്‍ നമ്പീശന്‍, എ. ചന്ദ്രഭാനു, പി. വെളുക്കന്‍, എ. പ്രസാദ്, പി. അബ്ദുറഹ്മാന്‍, ചന്ദ്രന്‍ എറാകുന്ന് എന്നിവര്‍ ജോലിക്ക് നേതൃത്വം നല്‍കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.