കണ്‍വെന്‍ഷനില്‍ ശ്രീനാരായണ ധര്‍മവേദി നേതാക്കള്‍ തമ്മില്‍ വാക്പോര്

കൊല്ലം: വെള്ളാപ്പള്ളി നടേശനെതിരെ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ ശ്രീനാരായണ ധര്‍മവേദി നേതാക്കള്‍ തമ്മില്‍ വാക്പോര്. ധര്‍മവേദി ട്രഷറര്‍ ഡി. രാജ്കുമാര്‍ ഉണ്ണിക്കെതിരെ ആരോപണവുമായി ജനറല്‍ സെക്രട്ടറി ബിജു രമേശ് രംഗത്തുവന്നു. എസ്.എന്‍.ഡി.പി യോഗം പിടിച്ചെടുക്കാനുള്ള തന്ത്രം അട്ടിമറിച്ചതിലൂടെ രാജ്കുമാര്‍ ഉണ്ണി ഒപ്പംനിന്ന് ചതിക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
 2010ലെ എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണംപിടിക്കാന്‍ ധര്‍മവേദി തീരുമാനിച്ചിരുന്നു. ഇതിനായി 5000ത്തിലധികം പേരെ തെരഞ്ഞെടുപ്പ്സ്ഥലത്ത് എത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയാല്‍ റിസീവര്‍ ഭരണം വരുകയും തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുമായിരുന്നു പദ്ധതി. ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഇതിനെ എതിര്‍ത്തു.
 പ്രശ്നമുണ്ടാക്കിയാല്‍ കൂടെനില്‍ക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍െറ മനസ്സുമാറ്റിയത് രാജ്കുമാര്‍ ഉണ്ണിയായിരുന്നു. 2015ലെ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനുപിന്നിലും രാജ്കുമാര്‍ ഉണ്ണിയായിരുന്നു. ഇതിന്‍െറ പ്രത്യുപകാരമായാണ് എസ്.എന്‍.ഡി.പി യോഗത്തില്‍നിന്നുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നും ബിജു പറഞ്ഞു. ആവേശംമൂക്കുമ്പോള്‍ ബിജു രമേശ് പച്ചക്കള്ളം പറയുകയാണെന്ന് രാജ്കുമാര്‍ ഉണ്ണി മറുപടി നല്‍കി. തോന്നുന്നത് പറഞ്ഞിട്ട് മറുപടി കേള്‍ക്കാതെ പോകുകയാണ് അദ്ദേഹത്തിന്‍െറ പതിവ്. ചാനല്‍കാമറ കാണുമ്പോള്‍ എന്തെങ്കിലും  പറയുകയും അടുത്തദിവസം മാറ്റിപ്പറയുകയുമാണ് ശൈലി. ഒന്ന് പറഞ്ഞാല്‍ അടുത്തദിവസം മാറ്റിപ്പറയുന്ന സ്വഭാവം തനിക്കില്ല. 2010ലെ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് 2012ല്‍ യോഗത്തില്‍നിന്ന് പുറത്താക്കിയിരുന്നു. മൂന്നുവര്‍ഷം ഹൈകോടതിയില്‍ കേസ് നടത്തിയതിനെതുടര്‍ന്നാണ് തിരിച്ചെടുത്തത്. വെള്ളാപ്പള്ളി നടേശനെതിരെ ഏതുസംഘടനയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധര്‍മ പരിപാലന എകോപന സമിതി സെക്കുലറിന്‍െറ നേതൃത്വത്തില്‍ കൊല്ലത്ത് നടന്ന ജനകീയ കണ്‍വെന്‍ഷനിലാണ് ബിജു രമേശും  രാജ്കുമാര്‍ ഉണ്ണിയും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തിയത്.

‘ശാശ്വതീകാനന്ദയെ കൊലപ്പെടുത്താന്‍ കാരണം 40 കോടിയെച്ചൊല്ലിയുള്ള തര്‍ക്കം’
കൊല്ലം: സ്വാമി ശാശ്വതീകാനന്ദയെ ദാരുണമായി കൊലപ്പെടുത്തിയതാണെന്നും മെഡിക്കല്‍ കോളജിനായി പിരിച്ച 40 കോടി എടുക്കുന്നതിലെ തര്‍ക്കമാണ് അതിനുപിന്നിലെന്നും ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ്. ശ്രീനാരായണ ധര്‍മ പരിപാലന ഏകോപനസമിതി സെക്കുലറിന്‍െറ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി യോഗം മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. കാവിയാട്ട് മാധവന്‍കുട്ടി, രത്നാകരന്‍, പ്രഫ. ജെ.ചിത്രാംഗദന്‍, പ്രഫ.വെളിയം രാജന്‍, ചെറുന്നിയൂര്‍ പ്രകാശ്, ഡി.പ്രഭ, പ്രഫ.എം.എസ്. പ്രസന്ന, ഡോ. എന്‍. ജയദേവന്‍, ഡി.രാജ്കുമാര്‍ ഉണ്ണി, ബി.പുരുഷോത്തമന്‍, പ്രഫ.ജി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
  വെള്ളാപ്പള്ളി നടേശനെതിരായ  അഴിമതി ആരോപണങ്ങളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ലക്ഷം പേര്‍ ഒപ്പിടുന്ന ഭീമഹരജി സമര്‍പ്പിക്കാനാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.