ചെങ്ങറ സമരം 3000 ദിനം പിന്നിടുന്നു; സമരക്കാര്‍ക്ക് വോട്ടില്ല

പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ ചൂടിനിടെ ചെങ്ങറ ഭൂസമരം ഒക്ടോബര്‍ 22ന് 3000 ദിനങ്ങള്‍ പിന്നിടുന്നു. ഇപ്പോള്‍ ഇവിടെ സമരകാഹളമോ മുദ്രാവാക്യങ്ങളോ ഉയരുന്നില്ല. ത്രിതല തെരഞ്ഞെടുപ്പിന്‍െറ ആരവവും സമര ഭൂമിയിലില്ല. സമരക്കാര്‍ വീടുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഒന്നിനും പഞ്ചായത്ത് വീട്ടുനമ്പര്‍ കിട്ടിയിട്ടില്ല. അതിനാല്‍ സമരക്കാര്‍ക്ക് ആര്‍ക്കും വോട്ടില്ല.
വോട്ട് നേടാന്‍ സമരനേതൃത്വം ശ്രമിച്ചിട്ടുമില്ല. വീട്ടുനമ്പര്‍ അനുവദിക്കാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ കഴിയുന്നില്ളെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ളാഹ ഗോപാലന്‍ പറയുന്നത്. താമസിക്കുന്ന വീടുകള്‍ക്ക് നമ്പറില്ളെങ്കിലും സമീപത്തെ ഏതെങ്കിലും വീടിന്‍െറ തുടര്‍ച്ചയായി സമരഭൂമിയിലെ താമസക്കാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനാകും. അതിന് സമര നേതൃത്വം തയാറാകാത്തതിനാല്‍ 10 വര്‍ഷത്തിലേറെയായി സമര ഭൂമിയിലുള്ളവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ സമര ഭൂമിയിലുള്ളവരുടെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വം ചെവികൊടുക്കുന്നുമില്ല.
കൃഷി ചെയ്ത് ജീവിക്കാന്‍ ഭൂമി വേണമെന്ന ആവശ്യവുമായി 2007 ആഗസ്റ്റ് നാലിനാണ് സാധുജന വിമോചന സംയുക്ത വേദി നേതൃത്വത്തില്‍ കോന്നി ചെങ്ങറ തോട്ടം കൈയേറി സമരം ആരംഭിച്ചത്.
സമരം 3000 ദിനത്തില്‍ എത്തിയപ്പോള്‍ സമരഭൂമിയിലെ താമസക്കാര്‍ മാതൃകാ സമൂഹമായി മാറിക്കഴിഞ്ഞു. മദ്യമുക്ത, വിഷപച്ചക്കറിമുക്ത മേഖലയാണിന്ന് ചെങ്ങറ സമര ഭൂമി.
തോട്ടം ഉടമകളായ ഹാരിസണ്‍സ് മലയാളം കമ്പനി ലിമിറ്റഡ് സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയടക്കിയെന്ന് ആരോപിച്ചാണ് തോട്ടം കൈയേറി സമരക്കാര്‍ കുടില്‍ കെട്ടിയത്. സമരക്കാരുടെ വാദം പൂര്‍ണമായി ശരിയാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
സമരം ഒത്തുതീര്‍പ്പാക്കി എല്ലാവര്‍ക്കും പകരം ഭൂമി കണ്ടത്തെി പട്ടയം നല്‍കിയെങ്കിലും താമസയോഗ്യമായ ഭൂമി ലഭിച്ചത് നാമമാത്രം പേര്‍ക്ക് മാത്രമാണ്. സമരത്തിന്‍െറ തുടക്കത്തില്‍ 5000ത്തോളം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 500ല്‍ താഴെ കുടുംബങ്ങളേ സമരഭൂമിയില്‍ താമസിക്കുന്നുള്ളൂ.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.