കൊല്ലം: ശാശ്വതീകാനന്ദയുടെ മരണം അന്വേഷിച്ച് ആരോപണം തെളിയിക്കട്ടെ എന്ന വെല്ലുവിളിയുമായി വെള്ളാപ്പള്ളി നടേശന്‍. ശാശ്വതീകാനനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും പറയാനില്ല. സി.ബി.ഐ തന്നെ അന്വേഷിക്കട്ടെ. തനിക്കെതിരായ ആരോപണം തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോവുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണം ഉന്നയിച്ച വാവറമ്പലം സുരേന്ദ്രന്‍റെ പശ്ചാത്തലം പരിശോധിക്കണം. ആരോപണം ഉന്നയിക്കുന്നവരുടെ എല്ലാവരുടെയും പൂര്‍വ്വാശ്രമം അന്വേഷിക്കണം. രാഷ്ട്രീയ ഗൂഢാലോചകരും സീറ്റുമോഹികളും മോഹഭംഗികളും ആണ് ഇതിനു പിന്നില്‍. ഇവിടെ ചര്‍ച്ച ചെയ്യാന്‍ എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു ണ്ടെന്നും ടെലിവിഷനുകളില്‍ വരുന്നത് കേട്ട് ജനങ്ങള്‍ക്ക് മടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് നീതി കിട്ടണം. അതിനായി എല്ലാവരും ഇരുന്ന് ആലോചിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുണ്ട്. ഇത് ഹിന്ദുക്കളുടെ കൂട്ടായ്മയാണ്. ഭൂരിപക്ഷ സമുദായത്തിന്‍റെ നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വലിയ ചലനങ്ങള്‍ ഉണ്ടാവുന്നു. ഇനി ഇത് ഉണ്ടായാല്‍ ഉള്ള പുകില്‍ എന്തായിരിക്കും?
ഞങ്ങള്‍ക്ക് ആരോടും വിരോധമില്ല. ഞങ്ങള്‍ക്ക് നീതി വേണം. തങ്ങളുടെ അടിത്തറ പിന്നാക്കക്കാരും ഈഴവരുമാണെന്ന് പറയുന്നവര്‍ അവര്‍ക്കുവേണ്ടി എന്തു ചെയ്തെന്ന് വ്യക്തമാക്കണം.
വി.എസിനെ ഒരു ഭയവുമില്ല, മറിച്ച് സ്നേഹമാണ്. എല്ലാറ്റിനും കണക്ക് വെക്കാന്‍ വി.എസിന്‍റെ പാര്‍ട്ടിയല്ല ഇത്. ട്രസ്റ്റിന് ഒരു ലക്ഷം തന്നാല്‍ വി.എസിനും ട്രസ്റ്റ് ബോര്‍ഡില്‍ അംഗത്വം കൊടുക്കും. ഞങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനവും ശമ്പളവും സര്‍ക്കാര്‍ തന്നെ സ്വയം കൊടുത്തോട്ടെ, ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല.
എസ്.എന്‍.ഡി.പിക്ക് ഇത്ര പ്രസക്തി ഉണ്ടായ ഒരു കാലം മുമ്പുണ്ടായിട്ടില്ളെന്നും പത്രങ്ങളിലും ചാലനുകളിലും പാര്‍ട്ടി നിറഞ്ഞുനില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.