വിജയ ബാങ്ക് കവര്‍ച്ച: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി കുടക് സ്വദേശിയായ സുലൈമാന്‍, കാഞ്ഞങ്ങാട്ടെ അബ്ദുള്‍ ലത്തീഫ്, ഇടുക്കി സ്വദേശി മുരളി, കാഞ്ഞങ്ങാട് ആവക്കരയില്‍ മുബഷീര്‍ എന്നീ പ്രതികളെ കാസര്‍കോട് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വര്‍ണം ഒളിപ്പിച്ചുവെച്ച പൊട്ടകിണര്‍ സ്ഥിതി ചെയ്യുന്ന ചെര്‍ക്കളയിലെ വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ച കുടക് സ്വദേശി അഷ് റഫ്, കാസര്‍കോട് സ്വദേശി മനാഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് കാസര്‍കോട് എസ്.പി ഡോ. എ. ശ്രീനിവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 19.75 കിലോഗ്രാം സ്വര്‍ണം ശനിയാഴ്ച കണ്ടെടുത്തിരുന്നു. പിടിയിലായ മുഖ്യപ്രതി അബ്ദുല്‍ ലത്തീഫ് കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലും പ്രതിയാണ്.

ചെറുവത്തൂരില്‍ വിജയ ബാങ്കിന് താഴത്തെ മുറികള്‍ വാടകക്കെടുത്ത പ്രതികള്‍ സെപ്റ്റംബര്‍ 26നാണ് കവര്‍ച്ച നടത്തിയത്. 19.75 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ താഴത്തെ നിലയുടെ സീലിങ് തുരന്നായിരുന്നു കവര്‍ച്ച. ഇസ്മായില്‍ എന്ന വ്യാജ പേരിലാണ് കവര്‍ച്ചാസംഘം മുറികള്‍ വാടകക്കെടുത്തത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ 28നാണ് വിവരം പുറംലോകമറിഞ്ഞത്.

തൊട്ടടുത്ത ഫാര്‍മേഴ്സ് ബാങ്കിന്‍െറ സി.സി.ടി.വി കാമറയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചു. ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായ്കിന്‍െറ മേല്‍നോട്ടത്തില്‍ നീലേശ്വരം സി.ഐ പ്രേമചന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.