സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ 30 കോടിയുടെ ക്രമക്കേട്

കൊച്ചി: സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തിന് മൂന്നുമാസത്തില്‍താഴെ മാത്രം അവശേഷിക്കേ വീണ്ടും വിവാദം. പദ്ധതിയുടെ ആദ്യഘട്ടത്തിന്‍െറ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്ന എസ്.സി.കെ-1 ടവറുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ച കമ്പി ഗുണനിലവാരം കുറഞ്ഞതാണെന്നും എന്നാല്‍, ഉയര്‍ന്ന ഗുണമേന്മയുള്ള കമ്പിയുടെ നിരക്കാണ് ഈടാക്കിയതെന്നും  കോടികളുടെ ക്രമക്കേട് നടന്നെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് ഇന്‍േറണല്‍ ഓഡിറ്റ് നടക്കുന്നതായും സൂചനയുണ്ട്. മുന്‍ സി.ഇ.ഒയുടെ സ്ഥാനചലനം ഇതുമായി ബന്ധപ്പെട്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ഇന്‍േറണല്‍ ഓഡിറ്റ് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും കെട്ടിടനിര്‍മാണത്തില്‍ ക്രമക്കേട് നടന്നോ എന്ന കാര്യം പരിശോധനക്കുശേഷമെ വ്യക്തമാകൂവെന്നുമാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ വിശദീകരിക്കുന്നത്. പദ്ധതി ഉദ്ഘാടനത്തോട് അടുക്കുന്തോറും വിവാദങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ നിര്‍മാണങ്ങളുടെ മെല്ലപ്പോക്ക് സംബന്ധിച്ച് പദ്ധതിയുടെ നടത്തിപ്പുകാരായ ടീകോം പ്രതിനിധികള്‍ കേരള സര്‍ക്കാറിനെ അതൃപ്തി അറിയിച്ചതായും സൂചനയുണ്ടായിരുന്നു.

 2003ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറും ടീകോമും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ചായിരുന്നു ആദ്യതര്‍ക്കം. പിന്നീട് അധികാരത്തില്‍ വന്ന ഇടതുമുന്നണി പുതിയ കരാര്‍ ഒപ്പുവെച്ചാണ് പദ്ധതി മുന്നോട്ടുപോയത്. പിന്നീട് പാട്ടക്കരാറിന്‍െറ സ്റ്റാമ്പ് ഡ്യൂട്ടി സംബന്ധിച്ചും തര്‍ക്കമുയര്‍ന്നു. എല്ലാ തര്‍ക്കങ്ങളും അവസാനിപ്പിച്ച് കഴിഞ്ഞ മാര്‍ച്ച് 25ന് ഉദ്ഘാടനം നിശ്ചയിച്ചു. ഇത് പിന്നീട് ജൂണില്‍ ഉദ്ഘാടനം എന്നാക്കി മാറ്റി. ഒടുവില്‍ ഡിസംബറില്‍ ഉദ്ഘാടനം നടക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്മാര്‍ട്ട് സിറ്റി വീണ്ടും വിവാദവിഷയമാക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി.

അഞ്ചുവര്‍ഷത്തിനുള്ളില്‍ 85 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഐ.ടി ഹബ് ഉണ്ടാക്കി അന്തര്‍ ദേശീയ കമ്പനികളെ കൊണ്ടുവന്ന് 90000 പേര്‍ക്ക് തൊഴില്‍ നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍, ആറു വര്‍ഷമായിട്ടും ആദ്യ കെട്ടിടം പോലും പൂര്‍ത്തിയാക്കിയിട്ടില്ളെന്നും ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പറയുന്നത് വെറും ആറുലക്ഷം ചതുരശ്രയടി കെട്ടിടം മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.