ഉമ്മൻചാണ്ടിക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് നിയമനടപടിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് നിയമനടപടിക്കൊരുങ്ങുന്നു. മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് ഡി.ജി.പി നിയമനടപടി സ്വീകരിക്കുന്നത്. ഇതിനായി അനുമതി തേടി ഡി.ജി.പി ചീഫ് സെക്രട്ടറിക്ക് നാലുദിവസം മുമ്പ് കത്തുനൽകി. തനിക്കെതിരെയുള്ള പരസ്യവിമർശം തിരുത്തണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിയമനടപടിക്കായി പരാതി നൽകുന്നത്.

ജേക്കബ് തോമസിനെ ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സമയത്തായിരുന്നു ഉമ്മൻചാണ്ടി അദ്ദേഹത്തിനെതിരെ പരാമർശം നടത്തിയത്. ജനദ്രോഹപരമായ നടപടികൾ സ്വീകരിച്ചതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനധികൃതമായി ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, എന്നാൽ അത്തരത്തിൽ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നൽകി. ഇതിനുപുറമെ 77 ഫ്ലാറ്റുകൾക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിൻെറ നടപടി ശരിയാണെന്ന് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. പുതിയ ഫയർഫോഴ്സ് മേധാവി അനിൽ കാന്ത് ആണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതുകൂടി ഉമ്മൻചാണ്ടിക്ക് തിരിച്ചടിയായിരുന്നു.

മുമ്പ് മുൻ വിജിലൻസ് മേധാവി ഉപേന്ദ്ര വർമ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല.

അതിനിടെ ഫേസ്ബുക്കിലും മുഖ്യമന്ത്രിക്കെതിരെ പരോക്ഷ മറുപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തി. വിതക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശത്തെ പറവകൾക്ക് കൂടൊരുക്കുന്നവർക്കൊപ്പം, വിതക്കുന്നവരുടെയും കൊയ്യുന്നവരുടെയും സമൃദ്ധിയും നമ്മുടെ ലക്ഷ്യമാകേണ്ടെ എന്നാണ് ഡി.ജി.പിയുടെ ഫേസ്ബുക്കിലൂടെയുള്ള വിമർശം. താഴേക്കല്ല, മുകളിലേക്കാണ് വളരേണ്ടതെന്നായിരുന്നു മുഖ്യന്ത്രി പറഞ്ഞത്.

 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.