ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കേന്ദ്ര ഫണ്ട് ഇനിയും ലഭിച്ചില്ല

കോഴിക്കോട്: മദ്റസ നവീകരണം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം എന്നിവക്കുള്ള കേന്ദ്ര ഫണ്ട് സംസ്ഥാനത്തിന് നല്‍കുന്നത് നിലച്ച നിലയില്‍ തന്നെ. പ്രവൃത്തിസമയം ഭാഗികമാണെന്ന റിപ്പോര്‍ട്ട്, നേരത്തേ അനുവദിച്ച ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലെ വീഴ്ച എന്നിവയാണ് കേന്ദ്രം പറയുന്ന കാരണം. സെപ്റ്റംബര്‍ 15ന് ചേര്‍ന്ന കേന്ദ്ര ഗ്രാന്‍റ് ഇന്‍ എയ്ഡ് കമ്മിറ്റിയുടെ 2015-16 വര്‍ഷത്തെ പ്രഥമ യോഗം ചര്‍ച്ചചെയ്തതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേ, സലീം കുരുവമ്പലം എന്നിവരാണ് യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തത്.
2014-15 വര്‍ഷത്തേക്ക് 826 മദ്റസകളിലെ 1106 ബിരുദ അധ്യാപകര്‍ (6000 രൂപ വീതം), 1227 ബിരുദാനന്തര ബിരുദവും ബി.എഡുമുള്ള അധ്യാപകര്‍ (12,000 രൂപ വീതം) എന്നിവര്‍ക്ക് വേതനം, ലബോറട്ടറി, ബുക് ബാങ്ക്, ശാസ്ത്ര-കണക്ക് കിറ്റുകള്‍, അധ്യാപക പരിശീലനം എന്നിവക്കുള്ള നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍  സമര്‍പ്പിച്ചത്. ഭാഗികമായോ ഒഴിവുദിനങ്ങളിലോ മാത്രമാണ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം വ്യക്തമാക്കിരുന്നു. എന്നാല്‍, സംസ്ഥാന ഗ്രാന്‍റ് ഇന്‍ എയ്ഡ് കമ്മിറ്റിയുടെ ശിപാര്‍ശ വെച്ചിരുന്നില്ല. 2010-11ല്‍ രണ്ടാം ഗഡുവായി അനുവദിച്ച 776.88 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ്, ഓഡിറ്റ് സ്റ്റേറ്റ്മെന്‍റ് എന്നിവയും ഹാജരാക്കിയില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞ ആഗസ്റ്റ് 12ന് (നമ്പര്‍ 8-1/2010 ഇ.ഇ19) കേന്ദ്രം കത്തയച്ചെങ്കിലും മറുപടി നല്‍കിയിട്ടില്ല.
ഭാഗികമായി പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ക്ക് ഗ്രാന്‍റ് നല്‍കാന്‍ കേന്ദ്ര നവീകരണ പദ്ധതി (എസ്.പി.ക്യു.ഇ.എം) മാര്‍ഗനിര്‍ദേശമനുസരിച്ച് കഴിയില്ളെന്ന് യോഗം നിരീക്ഷിച്ചതായി വക്താവ് വെളിപ്പെടുത്തി. ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതും നിര്‍ബന്ധമാണ്.
 ഈ രണ്ട് കാര്യങ്ങളും ചൂണ്ടിക്കാട്ടി അയച്ച കത്തിന് തൃപ്തികരമായ മറുപടിയും നടപടിയും ഉണ്ടാവുന്നതുവരെ സംസ്ഥാനത്തിന് ഫണ്ട് നല്‍കേണ്ടതില്ളെന്നാണ് തീരുമാനം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസന (ഐ.ഡി.എം.ഐ) ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലും വീഴ്ചവരുത്തിയതിനാല്‍ അതിനും നിയന്ത്രണം ബാധകമാണ്. 2015-16 വര്‍ഷത്തേക്ക് മൊത്തം മദ്റസ നവീകരണത്തിന് 7159.90 ലക്ഷം രൂപയും ഐ.ഡി.എം.ഐയില്‍ 39.58 ലക്ഷം രൂപയുമാണ് കേന്ദ്രം അനുവദിച്ചത്.
ഇത് ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര, ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു.
സംസ്ഥാനത്ത് 228 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും 828 മദ്റസകളുടെ നവീകരണത്തിനും 2014-15 വര്‍ഷം ലഭിക്കേണ്ട കേന്ദ്ര സഹായം മാര്‍ച്ച് 10ന് ചേര്‍ന്ന ബന്ധപ്പെട്ട യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ഹാജരാവാതിരിക്കുകയും മുന്‍ ഫണ്ടുകളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് ലഭ്യമാവാതിരിക്കുകയും ചെയ്തതിനാല്‍ മുടങ്ങിയത് സംബന്ധിച്ച് മേയ് 14ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
 വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ സാന്നിധ്യത്തില്‍ മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും ഉറപ്പുലഭിച്ചെന്നും ഫണ്ട് മുടങ്ങിയെന്ന പ്രചാരണം ശരിയല്ളെന്നും വിദ്യാഭ്യാസ വകുപ്പ് മേയ് 15ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.