പ്രവാസികൾക്കായി എൻ.ആർ.ഐ കമീഷൻ രൂപീകരിക്കും

തിരുവനന്തപുരം: പ്രവാസികൾക്കായി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ എൻ.ആർ.ഐ കമ്മീഷന്‍ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജറിക്രൂട്ട്മെൻറുകൾ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ്  കമീഷൻെറ ചുമതലകള്‍.  

2015 ജനുവരിയില്‍ നട ഗ്ലോബല്‍ എന്‍ആര്‍കെ മീറ്റിലാണ് എൻ.ആർ.ഐ കമീഷൻ പ്രഖ്യാപനം നടന്നത്. ഹൈക്കോടതി റിട്ട. ജഡ്ജി ആയിരിക്കും കമീഷൻെറ ചെയര്‍മാന്‍. ഒരു റിട്ട. ഐ.എ.എസ് ഓഫീസറും രണ്ട് എൻ.ആർ.ഐയും അംഗങ്ങളായിരിക്കും. ജോയിൻറ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ, സര്‍ക്കാരിൻെറ അഭ്യര്‍ത്ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷനു സര്‍ക്കാരിനു റിപ്പോര്‍ട്ട്് സമര്‍പ്പിക്കാം.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ

സംസ്ഥാനത്ത് ഹോലുകളിലും റസ്റ്റോറന്റുകളിലും വില്‍ക്കപ്പെടുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടുകൂടി തയാറാക്കിയ 2015 ലെ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് അംഗീകാരം നൽകി. ഇതനുസരിച്ച് എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അഥോറിറ്റി രൂപീകരിക്കും. ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് പ്രധാന ചുമതല. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളതോ ആയ ആളായിരിക്കും ചെയര്‍മാന്‍. ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ജില്ലാ അഥോറിറ്റി അംഗീകരിച്ച വിലവിവരപ്പട്ടികയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലക്ക് ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ല. വില കൂട്ടാന്‍ ഉദ്ദേശിക്കന്നുണ്ടെങ്കില്‍ നിര്‍ദിഷ്ട ഫീസ് സഹിതം അപേക്ഷിക്കേണ്ടതും ജില്ലാ അഥോറിറ്റി ഒരു മാസത്തിനകം തീരുമാനം എടുക്കേണ്ടതുമാണ്. ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ജില്ലാ അഥോറിറ്റിക്ക് അധികാരമുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി തദ്ദേശസ്ഥാപനത്തെ അറിയിച്ചാല്‍ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കണം.രജിസ്റ്റര്‍ ചെയ്യാതെ ഹോട്ടല്‍ നടത്തിയാലും അമിതവില ഈടാക്കിയാലും അയ്യായിരം രൂപ വരെ പിഴ ശിക്ഷിക്കാം. ജില്ലാ അഥോറിറ്റിയുടെ ഉത്തരവുകള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.

സംസ്ഥാനത്തെ 18 സര്‍ക്കാര്‍ കോളേജുകളില്‍ വിവിധ വിഷയങ്ങളിലായി 66 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും 105 ഗസ്റ്റ് ലക്ചര്‍ തസ്തികയ്ക്കും സർക്കാർ അനുമതിയായി. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ഓരോ ജോയിൻറ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, രണ്ട് ഓഡിറ്റ് ഓഫീസര്‍, 37 ഓഡിറ്റര്‍ തസ്തികകൾ എന്നിവ പുതുതായി സൃഷ്ടിക്കാനും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലാ ഓഫീസുകളിലെ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ജോയിൻറ് ഡയറക്ടര്‍ തസ്തികയായി ഉയര്‍ത്താനും തീരുമാനിച്ചു.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കടലില്‍ക്കൂടിയുള്ള ചരക്കുനീക്കത്തിന് ഏര്‍പ്പെടുത്തിയ സബ്‌സിഡി ഉള്‍നാടന്‍ ജലഗതാഗതത്തിനുകൂടി വ്യാപിപ്പിച്ചു. കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് (കേപ്പ്) എഞ്ചിനീയറിങ് കോളേജ് നിര്‍മിക്കുതിനായി തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തിൻെറ 5.4 ഏക്കര്‍ ഭൂമിയുടെ ഉപയോഗാനുമതി നല്‍കും. മലയാള ഭാഷ (വ്യാപനവും പരിപോഷവും) അന്തിമ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.  അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.