മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138ലേക്ക്: സ്പില്‍വേ ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം തള്ളി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുന്നു. ചൊവ്വാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 137.50 അടി ജലമാണുള്ളത്. നീരൊഴുക്ക് സെക്കന്‍ഡില്‍ 3143 ഘനയടിയാണ്. 6370 ദശലക്ഷം ഘനയടി ജലമാണ് അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 1.4ഉം തേക്കടിയില്‍ 4.2 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.
തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 66.08 അടി ജലമാണുള്ളത്. 3110 ഘനയടി ജലമാണ് വൈഗയിലേക്ക് ഒഴുകിയത്തെുന്നത്. 72 അടിയാണ് വൈഗയുടെ സംഭരണശേഷി. മുല്ലപ്പെരിയാറിന്‍െറ വൃഷ്ടിപ്രദേശത്തിനൊപ്പം തേനി ജില്ലയിലും ചൊവ്വാഴ്ച മഴയുടെ ശക്തി കുറഞ്ഞു. എന്നാല്‍, തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് സെക്കന്‍ഡില്‍ 511 ഘനയടി മാത്രമാക്കി കുറച്ചതാണ് ജലനിരപ്പ് അതിവേഗം ഉയരാന്‍ ഇടയാക്കുന്നത്.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കണമെന്ന കേരളത്തിന്‍െറ ആവശ്യം തമിഴ്നാട് തള്ളി. സ്പില്‍വേയിലെ 13 ഷട്ടറും ജലനിരപ്പ് 136ന് മുകളിലത്തെിക്കാനായി താഴ്ത്തിയിട്ട നിലയിലാണ്. അണക്കെട്ടിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്തി ഇടുക്കി ജലസംഭരണിയിലേക്ക് വേണം വെള്ളം ഒഴുക്കാന്‍. അടിയന്തരഘട്ടത്തില്‍ സാധ്യമാവുമോ എന്ന് അറിയാനാണ് സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തിക്കാണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തുന്നത് ജലനിരപ്പ് താഴാനും ഇടുക്കിയിലേക്ക് ജലം ഒഴുകാനും കാരണമാകുമെന്നു പറഞ്ഞാണ് കേരളത്തിന്‍െറ ആവശ്യം തമിഴ്നാട് തള്ളിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.