കോഴിക്കോട്: കൂടുതൽ സൗകര്യങ്ങളൊരുക്കാതെ റെയിൽവേ നടപ്പാക്കിയ പുതിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ റിസർവേഷനുശേഷം ബാക്കിയുള്ള സീറ്റുകൾക്കുള്ള ‘കറൻറ് റിസർവേഷൻ’ ടിക്കറ്റുകൾക്കായി സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടറുകളിൽ ഏറെനേരം ക്യൂ നിൽക്കേണ്ടിവരുകയാണ്.. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസങ്ങളിൽ റിസർവേഷൻ കൗണ്ടറുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
മൂന്നുദിവസം മുമ്പാണ് ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിലെ അവശേഷിക്കുന്ന സീറ്റുകൾ കറൻറ് റിസർവേഷനിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന രീതി തുടങ്ങിയത്. മുമ്പ് ജനശതാബ്ദി ട്രെയിനിൽ ബാക്കിയുള്ള സീറ്റുകൾക്ക് സാധാരണ കൗണ്ടറുകളിലൂടെയായിരുന്നു ടിക്കറ്റ് നൽകിയിരുന്നത്. ഇതാണിപ്പോൾ ബുക്കിങ് കൗണ്ടറിലേക്ക് മാറിയത്. കൂടുതൽനേരം കാത്തുനിന്നാലും സീറ്റ് നമ്പറോടെയുള്ള ടിക്കറ്റ് കിട്ടുമെന്നത് ഗുണകരമാണ്.
എന്നാൽ, പെട്ടെന്ന് യാത്ര നിശ്ചയിച്ച് ഉച്ചക്ക് 1.40ന് പുറപ്പെടുന്ന ട്രെയിനിൽ പോകാൻ ആഗ്രഹിക്കുന്നവർ മണിക്കൂറുകൾക്കുമുമ്പ് സ്റ്റേഷനിലെത്തി ക്യൂ നിൽക്കേണ്ടിവരുകയാണ്. സ്റ്റേഷനിലെത്തി ബുക്കിങ് സ്ലിപ് പൂരിപ്പിച്ചുവേണം ഇപ്പോൾ ടിക്കറ്റെടുക്കാൻ. നാലു ബുക്കിങ് കൗണ്ടറുകൾ ഇവിടെയുണ്ടെങ്കിലും മൂന്നെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും ഉച്ചക്കുശേഷം രണ്ടു കൗണ്ടറുകളെ പ്രവർത്തിക്കാറുള്ളൂ. മുൻകൂട്ടിയുള്ള റിസർവേഷനും ബൾക് ബുക്കിങ്ങിനും എത്തുന്നവരുടെ തിരക്കുതന്നെ പരിഹരിക്കാനാകാതെ നിൽക്കുമ്പോഴാണ് ഇപ്പോൾ ഇവരുടെ ഇടയിലേക്ക് സ്ഥിരം യാത്രക്കാർകൂടി വരുന്നത്.
കോഴിക്കോട്ടുനിന്ന് രാവിലെയും ഉച്ചക്കും തിരുവനന്തപുരത്തേക്ക് ജനശതാബ്ദി എക്സ്പ്രസ് ഓടുന്നുണ്ട്. ഇതിനെ ആശ്രയിക്കുന്ന നിരവധിപേർക്കാണ് സ്റ്റേഷനിലെ പുതിയമാറ്റം തിരിച്ചടിയാകുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി സാധാരണ ടിക്കറ്റ് കൗണ്ടറിലുള്ള നിരയെക്കാൾ നീണ്ടനിരയാണ് ബുക്കിങ് കൗണ്ടറിനുമുന്നിലുള്ളത്.
ഇത്തരം ടിക്കറ്റ് നൽകാൻ പ്രത്യേകം കൗണ്ടർ ഏർപ്പെടുത്തിയാൽ പുതിയമാറ്റം സൗകര്യപ്രദമാകുമെന്നും യാത്രക്കാർ പറയുന്നു. ഇതോടൊപ്പം റിസർവ് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുകയുടെ വൻവർധനവും യാത്രക്കാർക്ക് ഇരുട്ടടിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.