റണ്‍വേ നവീകരണം: ഐ.എല്‍.എസ് സംവിധാനം താല്‍ക്കാലികമായി പിന്‍വലിച്ചു


കരിപ്പൂര്‍: റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിലെ ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) താല്‍ക്കാലികമായി പിന്‍വലിച്ചു. പ്രതികൂല കാലാവസ്ഥയിലും വിമാനം സുഗമമായി ഇറക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഐ.എല്‍.എസ്. റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി രണ്ട് ഐ.എല്‍.എസാണ് കരിപ്പൂരിലുള്ളത്. റണ്‍വേയുടെ ഇരുഭാഗത്ത് നിന്നും വിമാനം ഇറങ്ങാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ഇവ സജ്ജീകരിച്ചിരുന്നത്.
ബലക്ഷയമുള്ളതിനാല്‍ റണ്‍വേയുടെ കിഴക്ക് ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തുന്ന പ്രവൃത്തി നടക്കുകയാണ്. നിലവിലുണ്ടായിരുന്ന റണ്‍വേയുടെ നീളത്തിനനുസരിച്ചാണ് ഐ.എല്‍.എസ് സജ്ജീകരിച്ചിരുന്നത്. എന്നാല്‍, അറ്റകുറ്റപ്പണി നടക്കുന്ന 400 മീറ്റര്‍ ഭാഗം ഇപ്പോള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ റണ്‍വേയുടെ നീളം കുറഞ്ഞു. ഐ.എല്‍.എസ് ഉപയോഗിക്കണമെങ്കില്‍ നിലവില്‍ ഉപയോഗിക്കുന്ന റണ്‍വേയുടെ നീളത്തിനനുസരിച്ച് സജ്ജീകരിക്കണം. പ്രവൃത്തി കഴിഞ്ഞാല്‍ വീണ്ടും മാറ്റി സജ്ജീകരിക്കേണ്ടി വരും. മറ്റ് പോംവഴികളില്ലാത്തതിനാലാണ് ഐ.എല്‍.എസ് നിര്‍ത്തേണ്ടി വന്നത്.
നവംബര്‍ 12 മുതലാണ് ഐ.എല്‍.എസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. കനത്ത മഴയും മൂടല്‍ മഞ്ഞുമുള്ള പ്രതികൂല കാലാവസ്ഥയില്‍ ഇനി വിമാനം മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ടി വരും. ഐ.എല്‍.എസ് പിന്‍വലിച്ചതിന്‍െറ അറിയിപ്പായുള്ള നോട്ടീസ് ടു എയര്‍മെന്‍ (നോട്ടാം) എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.