ഫോണും ടി.വിയും ഒരാഴ്ച ഓഫ്; മഞ്ചേരി സ്പ്രിങ്സ് സ്കൂളില്‍ വ്യത്യസ്ത ശിശുദിനാഘോഷം

 മഞ്ചേരി: മൊബൈല്‍ ഫോണിനും ടെലിവിഷനും ഒരാഴ്ച പൂര്‍ണ നിരോധമേര്‍പ്പെടുത്തി മഞ്ചേരി സ്പ്രിങ്സ് സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം. വിദ്യാര്‍ഥികള്‍ക്ക് ശൈശവം തനിമയോടെ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി. പ്രിന്‍സിപ്പല്‍ സയ്യിദ് ദുജ, രക്ഷിതാക്കളായ സി.കെ. സുലൈമാന്‍, സന്തോഷ്കുമാര്‍ എന്നിവരും വിദ്യാര്‍ഥി പ്രതിനിധികളായ ഫഫാമോള്‍, ഷഹ്മി എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വിദ്യാര്‍ഥികളും ഒരുമിച്ചത്തെി വാര്‍ത്താസമ്മേളനം നടത്തിയാണ് വ്യത്യസ്തമായ ശിശുദിനാഘോഷം പ്രഖ്യാപിച്ചത്.
  ടെലിവിഷനും മൊബൈല്‍ഫോണും ടാബും ഒട്ടേറെ സമയമാണ് നഷ്ടപ്പെടുത്തുന്നതെന്നും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളും ചെറുതല്ളെന്നും ഫഫാമോളും ഷഹ്മിയും വിശദീകരിച്ചു. കുട്ടികള്‍ക്ക് ശൈശവം തനിമയോടെ തിരിച്ചുനല്‍കലാണ് പദ്ധതിയുടെ ലക്ഷ്യം. നവംബര്‍ 14 മുതല്‍ 20 വരെയാണ് കുട്ടികളും രക്ഷിതാക്കളും സ്ക്രീനിനോട് വിടവാങ്ങുന്നത്. ഇത് പിന്നീട് തുടരാനാവുമോ എന്നും ഒരാഴ്ചയിലെ സ്ക്രീന്‍ നിരോധം എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയോ എന്നും പരിശോധിക്കും.
നൂറു വിദ്യാര്‍ഥികളും 40 രക്ഷിതാക്കളുമാണ് പരിപാടിയില്‍ പങ്കാളികളാവുക. ഇലക്ട്രോണിക് സ്ക്രീനില്‍ കണ്ണുംനട്ടിരിക്കുന്ന അത്രയും സമയം പ്രകൃതിദത്തമായ എല്ലാ അനുഭവങ്ങളില്‍നിന്നും നമ്മള്‍ തെന്നിമാറുകയാണെന്നും മാനസിക-സാമൂഹിക വളര്‍ച്ച, പരസ്പര ആശയവിനിമയം, ഉള്ളറിഞ്ഞുള്ള ബന്ധം എന്നിവ ഇല്ലാതാവുമെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.
 ആരംഭ ദിനമായ 14ന് നാടന്‍ കളികളാണ് സ്കൂളില്‍ നടക്കുക. സമാപന ദിവസമായ 20ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഇവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന സംഗമവും ഒരുക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ അന്വേഷണവും അറിവും നിലനിര്‍ത്തലാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സയ്യിദ് ദുജ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.