ഗ്രേഡ് എ.പി.ഐമാര്‍ ചട്ടവിരുദ്ധമായി കെ.പി.എസ് ബാഡ്ജ് ധരിക്കുന്നു


തിരുവനന്തപുരം: സംസ്ഥാന പൊലീസ് ബറ്റാലിയനില്‍ 15 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയതിനെതുടര്‍ന്ന് ഗ്രേഡ് ആംഡ് പൊലീസ് ഇന്‍സ്പെക്ടറായി (എ.പി.ഐ) സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി കേരള പൊലീസ് സര്‍വിസ് (കെ.പി.എസ്) ബാഡ്ജ് ധരിക്കുന്നെന്ന് ആക്ഷേപം.
15 വര്‍ഷം തുടര്‍ച്ചയായി ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (എ.പി.എസ്.ഐ) തസ്തികയില്‍ സേവനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്കാണ് എ.പി.ഐ ആയി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രേഡ് എ.പി.ഐമാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരല്ല. പി.എസ്.സി അംഗീകാരത്തോടെ ഡി.പി.സി കൂടിയശേഷം മാത്രമേ ഇവരെ എ.പി.ഐമാരായി നിയമിക്കാവൂ എന്നാണ് ചട്ടം. അങ്ങനെ നിയമിതരാകുന്നവര്‍ മാത്രമാണ് ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരാകുന്നത്. ഇവര്‍ക്ക് മാത്രമേ നിയമപരമായി കെ.പി.എസ് ബാഡ്ജ് ധരിക്കാനാകൂ.
എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഗ്രേഡ് എ.പി.ഐ ആയ ഉദ്യോഗസ്ഥരെല്ലാം കെ.പി.എസ് ബാഡ്ജ് ധരിക്കുകയാണ്. ഇതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണ്. 150 ഓളം ഉദ്യോഗസ്ഥര്‍ക്കാണ് എ.പി.ഐമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാല്‍, ഇതില്‍ 50 ഓളം ഉദ്യോഗസ്ഥര്‍ 1999ന് ശേഷം എ.പി.എസ്.ഐ ആയവരാണ്. ഇവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പിന്‍വാതിലിലൂടെ എ.പി.ഐ ആയി സ്ഥാനക്കയറ്റം നേടിയതാണെന്നും ആക്ഷേപമുണ്ട്. ഇവരില്‍ ചിലര്‍ 2005നു ശേഷം എ.പി.എസ്.ഐ ആയവരാണെന്നും പറയപ്പെടുന്നു. സീനിയോറിറ്റി മറികടന്നുള്ള സ്ഥാനക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ടി.പി. സെന്‍കുമാറിനെ സമീപിച്ചിട്ടും ഫലമില്ളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രശ്നപരിഹാരത്തിനായി സെന്‍കുമാറിനെ കണ്ട സംഘടനാ നേതാവിനോട് അനധികൃത നിയമനങ്ങള്‍ നടന്നോ എന്ന് പരിശോധിക്കാന്‍ വിവരാവകാശം നല്‍കാന്‍ നിര്‍ദേശിച്ചത്രെ. രാഷ്ട്രീയതീരുമാനങ്ങളില്‍ ഇടപെടാന്‍ താനില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വിസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി കാട്ടുന്ന വിമുഖതയോടും സേനയില്‍ പ്രതിഷേധമുണ്ട്. സര്‍ക്കാറില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.