വോട്ടുയന്ത്രത്തകരാര്‍: നിസ്സാരവത്കരിച്ച് മലപ്പുറം ജില്ലാ ഭരണകൂടം

തിരുവനന്തപുരം: വോട്ടുയന്ത്രങ്ങളില്‍ വ്യാപക തകരാര്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറുടെ നടപടിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കടുത്ത അതൃപ്തി. സംഭവത്തെ നിസ്സാരവത്കരിക്കുന്ന നടപടികളാണ് തുടക്കം മുതല്‍ കലക്ടര്‍ കൈക്കൊണ്ടതെന്നാണ് ആക്ഷേപം. മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്ന് കമീഷന്‍ നേരിട്ട് വിവരം ശേഖരിച്ചപ്പോഴാണ് വ്യാപക പിഴവുണ്ടെന്ന് മനസ്സിലായത്. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ തൃപ്തിയില്ലാതെ പുതിയത് നല്‍കണമെന്ന നിര്‍ദേശവും കമീഷന്‍ നല്‍കി.മലപ്പുറത്തെ പ്രശ്നങ്ങള്‍ രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് കമീഷനെ മുള്‍മുനയിലാക്കി.
ആദ്യം 20 ബൂത്തുകളിലാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇത് 255 ബൂത്തുവരെയായി.  ഈ ഘട്ടത്തില്‍ കമീഷന്‍ ജില്ലാ ഭരണകൂടത്തോട് വിവരം ആരാഞ്ഞപ്പോള്‍ കുറച്ച് ബൂത്തുകളില്‍ മാത്രമേ തകരാര്‍ ഉള്ളൂവെന്നാണ് അറിയിച്ചത്. മലപ്പുറത്തെ തെരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോഴാണ് 255 ബൂത്തില്‍ പ്രശ്നമുണ്ടെന്ന് കമീഷന് ബോധ്യമായത്. വിശദാംശം ആരാഞ്ഞപ്പോള്‍ 27 ബൂത്തില്‍ പ്രശ്നമുണ്ടെന്നും ബാക്കി പരിഹരിച്ചെന്നുമായിരുന്നു ലഭിച്ച വിശദീകരണം. തുടര്‍ന്ന് 98 ബൂത്തില്‍ അപാകത വന്നതായി റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ 104 ബൂത്തെന്നും ഒടുവില്‍ 105 ബൂത്തെന്നും റിപ്പോര്‍ട്ട് വന്നു.

തൃശൂരില്‍ 62 ബൂത്തില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. 58 ഇടത്ത് പരിഹരിച്ചു. ആദ്യം നാലിലും പിന്നീട് അഞ്ചിലും റീപോളിങ് പ്രഖ്യാപിച്ചു.രാത്രി എട്ടിന് മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴും കലക്ടറുടെ റീപോളിങ് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്ന് കമീഷണര്‍ സൂചിപ്പിച്ചു. വോട്ടുയന്ത്രത്തില്‍ പശയൊഴിക്കുക, പേപ്പര്‍, ഫിലിം എന്നിവ തിരുകുക, സെലോടേപ്പ് ഒട്ടിക്കുക എന്നിവ നടന്നെന്ന പരാതി വന്നിരുന്നു. എന്നാല്‍ എവിടെയും ഇത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല.

വോട്ടുയന്ത്രത്തിലെ തകരാര്‍ എന്നല്ലാതെ ഇത്തരം സംഭവങ്ങള്‍ നടന്നതായി പ്രിസൈഡിങ് ഓഫിസറോ മലപ്പുറം കലക്ടറോ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എന്നാല്‍ ഈ സാധ്യതകളും അന്വേഷണത്തിന്‍െറ പരിധിയില്‍ കൊണ്ടുവരും. എല്ലാ പിഴവുകളും ഒരേ സ്വഭാവത്തില്‍ വന്നതും സംശയം ബലപ്പെടുത്തുന്നു.  മിക്ക യന്ത്രങ്ങളിലും ‘പ്രസ് എറര്‍’ എന്ന തകരാറാണ് കാണിച്ചത്. ഇത് വോട്ടുചെയ്യുന്ന ഭാഗമാണ്. കണ്‍ട്രോള്‍ യൂനിറ്റാണ് സുപ്രധാന ഭാഗം. അതുകൊണ്ടുതന്നെ യന്ത്രത്തകരാറായി ഇത് കമീഷന്‍ വിലയിരുത്തുന്നില്ല. മിക്കയിടത്തും വോട്ടെടുപ്പ് തുടങ്ങിയ ശേഷമാണ് തകരാര്‍ സംഭവിച്ചത്.


വോട്ടിങ് തകരാര്‍: പരാതിയുമായി ലീഗ്, സി.പി.എം നേതാക്കള്‍ കലക്ടറേറ്റില്‍

മലപ്പുറം: ജില്ലയില്‍ പലയിടത്തും വോട്ടിങ് മുടങ്ങുകയും നീണ്ടുപോകുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ലീഗ് എം.എല്‍.എമാരും സി.പി.എം നേതാക്കളും കലക്ടര്‍ ടി. ഭാസ്കരന്‍െറ ചേംബറിലത്തെി.ലീഗ് എം.എല്‍.എമാരായ പി. ഉബൈദുല്ല, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ. ഖാദര്‍, അഡ്വ. എം. ഉമ്മര്‍, പി.കെ. ബഷീര്‍, കെ. മുഹമ്മദുണ്ണി ഹാജി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍, ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം മോഹന്‍ദാസ്, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ മലപ്പുറം കലക്ടറേറ്റിലത്തെിയത്.പോളിങ് നീണ്ടുപോയ സ്ഥലങ്ങളില്‍ വോട്ടിങ് സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കലക്ടറേറ്റിലത്തെിയത്. പലയിടത്തും പോളിങ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതായി നേതാക്കള്‍ ആരോപിച്ചു.

പോളിങ് മുടങ്ങിയ ബൂത്തുകളുടെ പട്ടികയുമായാണ് നേതാക്കള്‍ കലക്ടറെ കാണാനത്തെിയത്. വോട്ടിങ് മുടങ്ങിയ സ്ഥലങ്ങളിലെല്ലാം സമയം നീട്ടിനല്‍കിയതായി എം.എല്‍.എമാര്‍ കലക്ടറെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.