തിരുവനന്തപുരം: മദ്യനയം ശരിവെച്ച സുപ്രീംകോടതിവിധി സര്‍ക്കാറിന് നേട്ടമായി. പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നയം അംഗീകരിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ, ഒത്തുകളി ആരോപണത്തില്‍നിന്ന് രക്ഷപ്പെടാനും അവസരമൊരുക്കി. അതേസമയം, ബാര്‍ കോഴക്കേസ് അനന്തമായി നീളുന്നത് യു.ഡി.എഫ് നേതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. 2014ല്‍ ലൈസന്‍സ് പുതുക്കുന്ന ഘട്ടത്തില്‍ ഗുണനിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കേണ്ടതില്ളെന്ന നിലപാടെടുത്തത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനാണ്. ഇക്കാര്യത്തില്‍ പ്രായോഗിക സമീപനം വേണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലും മുന്നണിയിലും മറ്റുള്ളവര്‍ പ്രകടിപ്പിച്ചത്. എന്നാല്‍, സുധീരന്‍െറ നിലപാടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 

ഇതു ബോധ്യപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാട് മാറ്റുകയായിരുന്നു. സുധീരനെക്കാളും ശക്തനായ മദ്യവിരുദ്ധനെന്ന് ബോധ്യപ്പെടുത്താന്‍ തീരുമാനിച്ച അദ്ദേഹം പഞ്ചനക്ഷത്ര പദവിയുള്ളവ ഒഴിച്ചുള്ള മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു മദ്യനയത്തിന്‍െറ ഭാഗമാക്കുകയും ചെയ്തു. എല്ലാവരെയും അമ്പരപ്പിച്ച തീരുമാനം മുഖ്യമന്ത്രിയുടേത് മാത്രമായിരുന്നു. ഇതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശങ്ങള്‍ ഉയര്‍ന്നെങ്കിലും നിലപാട് മാറ്റാന്‍ തയാറായതുമില്ല. നയം ചോദ്യംചെയ്ത ബാറുടമകള്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ഒടുവിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, അവിടെയും മദ്യനയം അംഗീകരിക്കപ്പെട്ടത് സര്‍ക്കാറിനും പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിക്കുമുള്ള അംഗീകാരമാണ്.

വിധി മറിച്ചായിരുന്നെങ്കില്‍ അബ്കാരികളുമായി ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അകപ്പെടുമായിരുന്നു. ഇത്തരത്തില്‍ ആരോപണം ഉയരുന്നത് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ശക്തിയുള്ള ആയുധവുമാവുമായിരുന്നു.ഇതു ഭരണമുന്നണിയിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചേനെ. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടതിന്‍െറ ആശ്വാസം വിധി വന്നതിനു പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളിലുണ്ട്. എന്നാല്‍, സര്‍ക്കാറിനെ അലട്ടുന്ന ബാര്‍ കോഴക്കേസുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. രാഷ്ട്രീയമായി തിരിച്ചടികള്‍ ഉണ്ടാക്കിയ ഇത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. കോഴ ആരോപണം മുന്നണിയിലെ ശക്തനായ കെ.എം. മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചുവെന്ന് മാത്രമല്ല സര്‍ക്കാറിനെ വേട്ടയാടുകയും ചെയ്യുന്നു. 

മുന്നണിയില്‍ അവിശ്വാസത്തിന്‍െറ വിത്തുപാകാനും ഇതിടയാക്കി. മദ്യനയത്തില്‍ സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടി ഉണ്ടായതിനു പിന്നാലെ പ്രതികരിച്ച പ്രമുഖ ബാറുടമ, കോഴക്കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനി പുറത്തുവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു മുന്നറിയിപ്പ് തന്നെയാണ്. മാണിക്കെതിരായ കേസില്‍ തുടരന്വേഷണവും മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണവും നടക്കുകയാണ്. തിരിച്ചടി നേരിട്ട ബാറുടമകള്‍ കൂടുതല്‍ ആരോപണങ്ങളുമായി മുന്നോട്ടുവന്നാല്‍ അതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഏറെ ദോഷകരമാകും. അതിനാല്‍ ഇന്നലത്തെ വിധി ആശ്വാസത്തോടൊപ്പം സര്‍ക്കാറിന് ചില ആശങ്കകളും നല്‍കുന്നതാണ്. ബാറുടമകള്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പ്രതികരണം ബാറുടമകള്‍ ഉയര്‍ത്തിയിരിക്കുന്ന പുതിയ ഭീഷണിയുടെ കൂടി പശ്ചാത്തലത്തിലാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-01 04:28 GMT