14 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ചെക്കായി വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ വൈകിയ 14 ലക്ഷം പേര്‍ക്ക് തുക ചെക്കായി തദ്ദേശസ്ഥാപനങ്ങള്‍ വഴി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബറിലേതടക്കം നാലുമാസത്തെ കുടിശ്ശിക തുകയാണ് ഇത്തരത്തില്‍  നല്‍കുക.  ഇതിനായി  ജില്ലയുടെ  ചുമതലയുള്ള  മന്ത്രിയുടെ നേതൃത്വത്തില്‍  ജനപ്രതിനിധികളുടെ യോഗം വിളിക്കും.   
ഓരോ പഞ്ചായത്തിലെയും ചെക്കുകള്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ പ്രസിഡന്‍റുമാര്‍ക്ക് കൈമാറും. തൊട്ടടുത്ത ദിവസം ഗുണഭോക്താക്കളുടെ കൈയില്‍ പെന്‍ഷന്‍ എത്തുന്ന രീതിയിലായിരിക്കും വിതരണം. ബാങ്കുകളുടെ സഹകരണത്തോടെ 14 ലക്ഷം ചെക് ലീഫുകള്‍ തയാറാക്കാന്‍ വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുത്ത് അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിതരണ തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  അറിയിച്ചു.
32 ലക്ഷം ഗുണഭോക്താക്കളില്‍ 18 ലക്ഷം പേര്‍ക്ക് മാത്രമാണ് യഥാസമയം പെന്‍ഷന്‍ ലഭിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പെന്‍ഷന്‍ കിട്ടാതെ അവശേഷിക്കുന്നവര്‍ക്കാണ് കുടിശ്ശിക തുക ചെക്കായി നല്‍കുക. പെന്‍ഷന്‍ വിതരണത്തിന്  അനുവദിച്ചിരുന്നതില്‍ 400 കോടി വിതരണം ചെയ്യാതെ അവശേഷിക്കുന്നുണ്ട്. പോസ്റ്റ് ഓഫിസ് വഴിയുള്ള വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ അവശേഷിക്കുന്ന തുക അവരില്‍നിന്ന് തിരികെ ഈടാക്കും. ഡിസംബര്‍ മാസത്തേത് അടക്കം 540 കോടി രൂപയാണ് കുടിശ്ശിക നല്‍കാന്‍ വേണ്ടി വരുക.
മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും  എല്ലാ മാസവും 18ന് മുമ്പ് പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനുള്ള തുക കൈമാറിയ ശേഷമേ താന്‍ ശമ്പളം വാങ്ങൂവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ കാര്യക്ഷമമാകുന്നില്ളെന്നുകണ്ടാണ് ചെക്കായി പെന്‍ഷന്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
വരും മാസങ്ങളില്‍ പെന്‍ഷന്‍ ബാങ്ക് വഴി വേണമോ തപാല്‍ മാര്‍ഗം വേണമോ എന്ന്  ഗുണഭോക്താക്കള്‍ക്ക് തീരുമാനിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. കാലതാമസമില്ലാതെ പെന്‍ഷന്‍ വിതരണത്തിനുള്ള മറ്റ് മാര്‍ഗങ്ങള്‍ ആരായുകയാണെന്നും അദ്ദേഹം പറഞ്ഞു.
 നിലവില്‍ പെന്‍ഷന്‍ തുക അനുവദിച്ച 18 ലക്ഷത്തില്‍ 2000ത്തോളം പേരുടേത് സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയിട്ടുണ്ട്. അത്തരം പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.