നിരുപമ റാവുവിനും അഞ്ജലി മേനോനും ഉമാപ്രേമനും വനിതാ രത്നം പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വകുപ്പിന്‍െറ 2015ലെ വനിതാ രത്നം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹിക സേവനത്തിനുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡിന് ഉമാ പ്രേമന്‍ അര്‍ഹയായി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനത്തിനുള്ള ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് ഡോ. പി.എ. ലളിതക്കും കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമലാ സുറയ്യ അവാര്‍ഡ് സംവിധായിക അഞ്ജലി മേനോനും ഭരണ മികവിനുള്ള റാണി ലക്ഷ്മീഭായ് അവാര്‍ഡ് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിനുമാണ്. ശാസ്ത്രരംഗത്തെ മികവിനുള്ള പുരസ്കാരത്തിന് ഈ വര്‍ഷം ആരെയും തെരഞ്ഞെടുത്തില്ല. മന്ത്രി ഡോ. എം.കെ. മുനീറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരത്ത് ഫെബ്രുവരിയില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.
വൃക്ക രോഗബാധിതര്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതമാണ് ഉമാപ്രേമന്‍േറത്. നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയത്തെിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. പി.എ. ലളിത മികച്ച എഴുത്തുകാരികൂടിയാണ്. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഞ്ജലി മേനോന്‍, സംസ്ഥാന സര്‍ക്കാറിന്‍െറ ഒൗവര്‍ റെസ്പോണ്‍സിബ്ള്‍ ടു ചില്‍ഡ്രന്‍, കോഴിക്കോട്ടെ ഓപറേഷന്‍ സുലൈമാനി എന്നീ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അമേരിക്ക ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ അംബാസഡറായി പ്രവര്‍ത്തിച്ച നിരുപമ റാവു മികച്ച എഴുത്തുകാരികൂടിയാണ്. അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം, കല, സാഹിത്യം എന്നീ മേഖലകള്‍ക്ക് വെവ്വേറെ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കാന്‍ നിലവിലെ രീതിക്ക് പകരം നോമിനേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി മുനീര്‍, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ, വനിതാ കമീഷന്‍ അധ്യക്ഷ തുടങ്ങിയവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.