പ്രഫഷനല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: സംസ്ഥാനത്തെ മികച്ച പ്രഫഷനല്‍ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡിന് കെ.പി.എ.സിയുടെ ‘ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നാടകം അര്‍ഹമായി. ശില്‍പവും പ്രശംസാപത്രവും 40,000 രൂപയുമാണ് പുരസ്കാരം. ഈ നാടകത്തിന്‍െറ സംവിധായകന്‍ മനോജ് നാരായണനാണ് മികച്ച സംവിധായകന്‍. തൃശൂര്‍ സദ്ഗമയ അവതരിപ്പിച്ച ‘കോങ്കണ്ണന്‍’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം. ശില്‍പവും പ്രശംസാപത്രവും 25,000 രൂപയുമാണ് പുരസ്കാരം. ‘കടത്തനാടന്‍പെണ്ണ് തുമ്പോലാര്‍ച്ച’യിലെ കോമക്കുറുപ്പ്, പാക്കരന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മണി മായമ്പള്ളി മികച്ച നടനും ‘ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നാടകത്തിലെ കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിസിലി ജോയ് മികച്ച നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടി. ശില്‍പവും പ്രശംസാപത്രവും 15,000 രൂപയുമാണ് മികച്ച നടീ-നടന്മാര്‍ക്കുള്ള പുരസ്കാരം.

അവാര്‍ഡുകള്‍ ലോക നാടക ദിനമായ മാര്‍ച്ച് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അക്കാദമി സെക്രട്ടറി പി.വി. കൃഷ്ണന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 17 മുതല്‍ 26 വരെ നടന്ന നാടകമത്സരത്തില്‍ നിന്ന് ചെറുന്നിയൂര്‍ ജയപ്രസാദ്, എസ്. രാധാകൃഷ്ണന്‍, കോഴിക്കോട് രത്നാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കൊരട്ടി, ചങ്ങനാശേരി, തിരുവനന്തപുരം, വടകര മേഖലകളിലായി മത്സരിച്ച 49 നാടകങ്ങളില്‍ നിന്ന് വിധി നിര്‍ണയത്തിലൂടെ യോഗ്യത നേടിയ പത്ത് നാടകങ്ങളാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ശില്‍പവും പ്രശംസാപത്രവും 20,000 രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്കാരം.

മികച്ച രണ്ടാമത്തെ നടന്‍: കെ.പി.എ.സി ജാക്സണ്‍ (നാടകം- കോങ്കണ്ണന്‍), മികച്ച രണ്ടാമത്തെ നടിയുടെ അവാര്‍ഡ് രണ്ടുപേര്‍ പങ്കിട്ടു. അനിത ശെല്‍വി (ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), കെ.പി.എ.സി പുഷ്പലത (മേരാനാം ജോക്കര്‍). മികച്ച നാടകകൃത്ത്: പ്രദീപ് കാവുന്തറ (കുഴിയാനകള്‍), രണ്ടാം സ്ഥാനം ഹേമന്ത് കുമാര്‍(കോങ്കണ്ണന്‍). ഹാസ്യനടന്‍: ശിവന്‍ ആനവിഴുങ്ങി (കോങ്കണ്ണന്‍), ഗായകന്‍: കല്ലറ ഗോപന്‍ (ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), ഗായിക: അപര്‍ണ രാജീവ് (ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), പശ്ചാത്തല സംഗീതം: ആലപ്പി ഋഷികേശ് (മാമാങ്കം). ഗാനരചയിതാവ്: രമേഷ് കാവില്‍ (മാമാങ്കം), രംഗപടസംവിധാനം: ആര്‍ട്ടിസ്റ്റ് സുജാതന്‍ (കടത്തനാടന്‍പെണ്ണ് തുമ്പോലാര്‍ച്ച), ദീപവിതാനം: പ്രവീണ്‍ തിരുമല (മേരാനാം ജോക്കര്‍), ചമയം: ബാബു അന്നൂര്‍ (മേരാനാം ജോക്കര്‍). വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങളായ എസ്. രാധാകൃഷ്ണന്‍, കോഴിക്കോട് രത്നാകരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.