തൃശൂര്‍: പൂരവും പുലിക്കളിയും നിറയുന്ന വീഥികള്‍ ചെങ്കുപ്പായവും കൂര്‍മ്പന്‍ തൊപ്പിയുമണിഞ്ഞ ആയിരക്കണക്കിന് പാപ്പമാരും അവരെ കാണാനത്തെിയ ജനാവലിയും സ്വന്തമാക്കി. ആമോദവും ആഹ്ളാദവും അലതല്ലിപ്പരന്നു. സാംസ്കാരിക നഗരിയുടെ പ്രൗഢിയും മതസാഹോദര്യത്തിന്‍െറ മഹിമയും സമ്മേളിച്ച വിസ്മയക്കാഴ്ചയായി ബോണ്‍ നതാലെയുടെ മൂന്നാം സീസണ്‍ തൃശൂരില്‍ അരങ്ങേറി. പതിനായിരക്കണക്കിന് ജനങ്ങള്‍ നിരന്ന സാന്താക്ളോസ് ഘോഷയാത്രയോടെ ശിവപുരിയുടെ ക്രിസ്മസ് ആഘോഷത്തിന് ആഹ്ളാദപൂര്‍ണമായ പരിസമാപ്തി.
തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ച ബോണ്‍ നതാലെ മൂന്നാം പതിപ്പ് സെന്‍റ് തോമസ് കോളജ് പരിസരത്ത് മന്ത്രി കെ.സി. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തതോടെ തുടങ്ങി. ഘോഷയാത്രക്ക് മുന്നോടിയായി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായര്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളരിപ്രാവുകളെ ആകാശത്തിലേക്ക് പറത്തി.
വിവിധ ഫൊറോനകളില്‍ നിന്ന് ആയിരക്കണക്കിന് സാന്താക്ളോസ് വേഷധാരികള്‍, താജ്മഹലും യുനെസ്കോ പൈതൃകപട്ടികയില്‍ ഇടം നേടിയ ശ്രീവടക്കുന്നാഥ ക്ഷേത്രം തുടങ്ങിയവയടക്കം ഇരുപതോളം ഫ്ളോട്ടുകളും ക്രിസ്മസ് ഘോഷയാത്രയില്‍ പങ്കെടുത്തു.
കുട്ടികള്‍ വിവിധ വേഷങ്ങളണിഞ്ഞ് അവതരിപ്പിച്ച ഫാന്‍സി ഡാന്‍സ്, റോളര്‍ സ്കേറ്റിങ്ങുമായത്തെിയ പാപ്പമാര്‍, പൊയ്ക്കാല്‍ പാപ്പമാര്‍ തുടങ്ങിയവയും അണി നിരന്നു. പൊതുസമ്മേളനം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ആര്‍ച് ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായി. സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
വൈകീട്ട് അഞ്ചോടെ സ്വരാജ് റൗണ്ട് ജനസാഗരമായി. തേക്കെ ഗോപുരനട, നടുവിലാല്‍, നായ്ക്കനാല്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൊക്കെ ആളുകള്‍ സാന്താമാരുടെ വരവിനായി കാത്തുനിന്നു. അഞ്ചരയോടെ ആരംഭിച്ച ഘോഷയാത്ര കാണികളെ ആവേശത്തിലാക്കി. ഒന്നിന് പിറകെ ഒന്നൊന്നായി വന്ന ഫ്ളോട്ടുകളെയും വിവിധ അവതരണങ്ങളെയും ആളുകള്‍ ആരവത്തോടെ വരവേറ്റു. ശക്തന്‍ നഗറിലെ വ്യവസായ വിദ്യാഭ്യാസ വിജ്ഞാന പ്രദര്‍ശനത്തിലും രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.ബോണ്‍ നതാലെയോടനുബന്ധിച്ച് സിറ്റി പൊലീസ് നഗരത്തില്‍ ഗതാഗത നിന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.