കോഴിക്കോട്: ഐശ്വര്യക്കും അരുന്ധതിക്കും മാതാവ് മോളിക്കും ‘മാധ്യമം’ വായനക്കാരുടെ സഹായമെത്തുന്നു. കടംകയറി വീട് ജപ്തി ഭീഷണിയിലായതിനെ തുടർന്ന് പെരുവഴിയിലേക്കിറങ്ങേണ്ട ഗതികേടിൽനിന്ന് ഇവരെ രക്ഷിക്കാൻ മനുഷ്യസ്നേഹികൾ കൈയയച്ച് സഹായം നൽകിത്തുടങ്ങി. ഇവരെക്കുറിച്ച് വ്യാഴാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയാണ് കുടുംബത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നത്. കോഴിക്കോട് എം.എസ്.എസ് ജില്ലാകമ്മിറ്റി 15000 രൂപ കുടുംബത്തിന് നൽകുമെന്ന് ജില്ലാ പ്രസിഡൻറ് സൈനുൽ ആബിദ്, സെക്രട്ടറി പി. സിക്കന്തർ എന്നിവർ അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ ‘പരിവാർ കോഴിക്കോട്’ 20000 രൂപ കടംവീട്ടാൻ നൽകുമെന്ന് ജില്ലാപ്രസിഡൻറ് പ്രഫ. കെ. കോയട്ടി, സെക്രട്ടറി തെക്കയിൽ രാജൻ എന്നിവർ അറിയിച്ചു. ഹ്യുമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റ് 20000 രൂപ നൽകുമെന്ന് ചെയർമാൻ എ.കെ. ഫൈസൽ, സെക്രട്ടറി പി.കെ.എം. സിറാജ് എന്നിവർ അറിയിച്ചു. മാധ്യമത്തിെൻറ പ്രവാസി വായനക്കാർ 20000 രൂപ വ്യാഴാഴ്ച തന്നെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 500 രൂപ ഒരു വായനക്കാരൻ അയച്ചു. അതിനിടെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ വീടിെൻറ പ്രശ്നത്തിൽ ചാത്തമംഗലം പഞ്ചായത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി യൂനിറ്റ് സെക്രട്ടറി കെ.പി. സിദ്ദീഖ് കളൻതോടിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറിനെ സമീപിച്ചു. പ്രശ്നത്തിലിടപെടുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബീന അറിയിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നുഹംസ, ജമാഅത്തെ ഇസ്ലാമി കളൻതോട് ഹൽഖ നാസിം കെ.എം. മൊയ്തീൻ എന്നിവർ മോളിയുടെ വീട് സന്ദർശിച്ച് സഹായം വാഗ്ദാനംചെയ്തു.
വീട് നിർമിക്കാൻ വായ്പയെടുത്ത വകയിൽ പലിശയും പിഴപ്പലിശയും കുമിഞ്ഞതിനെ തുടർന്നാണ് കോഴിക്കോട് ആർ.ഇ.സിക്കടുത്ത ചാത്തമംഗലം കപ്രംതൊടികയിൽ മോളിയും ബുദ്ധിമാന്ദ്യമുള്ള രണ്ട് പെൺകുട്ടികളും പ്രതിസന്ധിയിലായത്. 22, 17 വയസ്സുള്ള മക്കളെ വളർത്താൻ പാടുപെടുന്ന മോളിക്ക് കടംവീട്ടാനുള്ള എല്ലാവഴികളും അടഞ്ഞിരുന്നു. 2011ൽ ഭർത്താവ് മുരളി ബൈക്കപകടത്തിൽ മരിച്ചു. വ്യത്യസ്ത ജാതിയിൽ പെട്ടവരായിരുന്നതിനാൽ ബന്ധുക്കൾ കൈയൊഴിഞ്ഞു. ഭർത്താവ് മരിച്ചതോടെ മോളിയും മക്കളും ഒറ്റപ്പെട്ടു.
നിശ്ചിത തീയതിക്കകം നാല് ലക്ഷം അടച്ചില്ലെങ്കിൽ വീട് ജപ്തിയാവുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. മാധ്യമം വായനക്കാരുടെ ഇടപെടൽ വലിയ പ്രതീക്ഷയാണ് കുടുംബത്തിന് സമ്മാനിക്കുന്നത്. കോഴിക്കോട് മെഡി.കോളജ് എസ്.ബി.ഐ ശാഖയിലേക്ക് സഹായം അയക്കാം. MOLY.C.K, SB A/C 32194599682, IFSCSBIN 0002206.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.