2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം: 2016 ജനുവരി മുതല്‍ ഡിസംബര്‍ 31വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നിയമസഭയില്‍ പി.സി. വിഷ്ണുനാഥിന്‍െറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വീഴ്ച ഇന്‍സ്പെക്ഷന്‍ വിഭാഗത്തെകൊണ്ട് അന്വേഷിപ്പിച്ചിരുന്നു. ചില ഒഴിവുകള്‍ ഇപ്രകാരം കണ്ടത്തെി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അഡൈ്വസ് മെമ്മോ ലഭിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമനംനല്‍കുമെന്ന് ടി.വി. രാജേഷിന്‍െറ സബ്മിഷന് മറുപടി നല്‍കി. കെ.എസ്.ആര്‍.ടി.സിയിലെ ഒഴിവുകളുടെ എണ്ണം തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും അവര്‍ക്ക് ജോലിനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റബര്‍കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതിയില്‍ ഇതുവരെ 46.3 കോടി രൂപ വിതരണം ചെയ്തതായി രാജു എബ്രഹാമിനെ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയില്‍ വരുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും റബറിന് കിലോക്ക് 150 രൂപ ഉറപ്പുവരുത്തും. മൂന്ന് ലക്ഷത്തിലേറെപേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റബര്‍ വില തകര്‍ച്ച നേരിടാനായി 500 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 250 രൂപയുണ്ടായിരുന്ന റബര്‍ വില 97 രൂപയായി കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബീഡിവ്യവസായത്തെ സഹായിക്കാന്‍ നികുതിനിരക്കില്‍ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍െറ സബ്മിഷന് മറുപടി നല്‍കി. ഇതില്‍ നിന്നുള്ള വരുമാനം പ്രശ്നമല്ല. എന്നാല്‍, ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഇവക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ കട്ടച്ചിറയില്‍ അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായവും ചികിത്സാചെലവും നല്‍കുന്നത്  പരിഗണിക്കുമെന്ന് കെ.സുരേഷ്കുറുപ്പിന്‍െറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. സാധാരണ ഇത്തരം സംഭവങ്ങളില്‍ ധനസഹായം നല്‍കുന്ന രീതിയില്ല. ഇത് പ്രത്യേക കേസായി പരിഗണിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് കൂടി വാങ്ങി നടപടി എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൈത്തറിവസ്ത്രങ്ങളുടെ പേരില്‍ ടെക്സ്റ്റൈല്‍ രംഗത്ത് നികുതിവെട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് അവയെ വാറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് വി. ശശിയെ മുഖ്യമന്ത്രി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന രീതിയാണിത്. ഈ മേഖലയെ സഹായിക്കാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ആലോചിക്കും. മാപ്പിള ഖലാസികളെ യുനെസ്കോ നാച്വറല്‍ കള്‍ചറല്‍ ഹെറിറ്റേജ് ഇനത്തില്‍ ഉള്‍പ്പെടുത്താനാകുമോയെന്ന് പരിശോധിക്കുമെന്ന് എ.പി. അബ്ദുല്ലക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.