അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കും –ആഭ്യന്തരമന്ത്രി

തൃശൂര്‍: അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കാന്‍ ശ്രമം തുടങ്ങിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി നിയമം ഭേദഗതി ചെയ്യും. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസിനെ ആധുനികവത്കരിക്കാന്‍ 170 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍, ഫയര്‍മാന്‍ പരിശീലനം പൂര്‍ത്തിയാക്കിയ 18ാമത് ബാച്ചിന്‍െറ പാസിങ്ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഗ്നിശമന സേനയിലെ അടുത്ത ബാച്ചിന്‍െറ പരിശീലനം ജനുവരി രണ്ടിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ അക്കാദമിയില്‍ ആരംഭിക്കും. അഗ്നിശമന വിഭാഗത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ജയില്‍, ഫയര്‍ഫോഴ്സ്, പൊലീസ് വിഭാഗങ്ങളില്‍ അയ്യായിരത്തോളം അധിക തസ്തികകള്‍ അനുവദിക്കുകയോ ഒഴിവുകള്‍ നികത്തുകയോ ചെയ്തു. ഫയര്‍ഫോഴ്സിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് 1,155 ഒഴിവുകള്‍ നികത്തിയതെന്നും മന്ത്രി പറഞ്ഞു.
മികച്ച ഒൗട്ട്ഡോര്‍ പി.ടി. സനല്‍, മികച്ച ഇന്‍ഡോര്‍ മുഹമ്മദ് ഹുസൈന്‍, മികച്ച ഓള്‍റൗണ്ടര്‍ വി.യു. പ്രണവ് എന്നിവര്‍ക്ക് മന്ത്രി സമ്മാനം നല്‍കി. ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റ, ട്രെയ്നിങ് വിഭാഗം ഡയറക്ടര്‍ ഐ.ജി സുരേഷ് രാജ് പുരോഹിത്, ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ഇ.വി. പ്രസാദ്, ഡി.ഐ.ജി രാജേഷ് ദിവാന്‍, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.