കിഷോർ മടങ്ങിയെത്തുമോ? കണ്ണീർ മഴയിൽ അമ്മ രാജേശ്വരി കാത്തിരിക്കുന്നു

തൃശൂർ: ‘എെൻറ കുട്ടി ജീവിച്ചിരിക്കുന്നുണ്ടോ, മരിച്ചോ എന്നറിയില്ല. എന്തൊരു ജീവിതാണ് ഞാൻ ജീവിക്കണത്’ –ഒന്നര വർഷമായി മകനെ കാത്തിരിക്കുന്ന ഒരമ്മ ഹൃദയത്തിെൻറ നൊന്തുപറച്ചിലാണിത്. പൊലീസും ജനപ്രതിനിധികളും കൈമലർത്തിയ കേസിനെക്കുറിച്ച് പറയുമ്പോൾ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശിനി രാജേശ്വരിക്ക് എല്ലാവരോടും അപേക്ഷിക്കാനുള്ളത് ഒന്നുമാത്രം: മകനെ കണ്ടെത്താൻ സഹായിക്കണം. തോരാത്ത കണ്ണീരിനിടെ വാക്കുകൾ പലപ്പോഴും മുറിയുന്നു.

2014 ജൂലൈ 10നാണ് വെള്ളാങ്ങല്ലൂർ പഴമ്പിള്ളി വീട്ടിൽ ചന്ദ്രമോഹൻ–രാജേശ്വരി ദമ്പതികളുടെ രണ്ടാമത്തെ മകൻ കിഷോറിനെ (കിട്ടു –27) കാണാതായത്. ഇരിങ്ങാലക്കുട –തൃശൂർ റൂട്ടിലെ സ്വകാര്യ ബസിൽ ക്ലീനറായിരുന്ന കിഷോർ പിന്നീട് ലോറിയിൽ സഹായിയായി. ബസിൽ ഒപ്പം ജോലി ചെയ്തിരുന്ന ആഷിഖ് ഓടിച്ച ലോറിയിൽ തൃശൂരിൽനിന്ന് പ്ലൈവുഡ് കയറ്റി മൈസൂരിലേക്ക് പോയ കിഷോർ തിരിച്ചെത്തിയില്ല. കമ്പനിയുടെ കണക്കുകൾ നോക്കിയിരുന്ന ടിനുവും ഒപ്പമുണ്ടായിരുന്നു. ജൂലൈ 13ന് രാത്രി വീട്ടിലേക്ക് വിളിച്ച കിഷോർ, രണ്ട് ദിവസത്തിനകം വരുമെന്നും കുറേ കാര്യങ്ങൾ പറയാനുണ്ടെന്നും അറിയിച്ചിരുന്നു.

നാലാം ദിവസം കിഷോർ നാട്ടിൽവന്നോ എന്നന്വേഷിച്ച് ആഷിഖ് മൈസൂരിൽ നിന്ന് വിളിച്ചപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. മൈസൂരിൽവച്ച് ഒരുസംഘം ആക്രമിച്ച് പണം പിടിച്ചുപറിച്ചെന്നും ഇതിനിടെ കിഷോറിനെ കാണാതായെന്നുമാണ് ആഷിഖും ടിനുവും പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ സിഗരറ്റ് വാങ്ങാൻ പോയ കിഷോർ തിരിച്ചെത്തിയില്ലെന്ന് തിരുത്തി. കിഷോറിനെ കാണാനില്ലെന്ന് മൈസൂർ പൊലീസിൽ അറിയിച്ചിരുന്നില്ല. കാണാതായി നാലുദിവസം കഴിഞ്ഞ് ഇരിങ്ങാലക്കുട പൊലീസിലാണ് പരാതി നൽകിയത്.

ടി.എൻ. പ്രതാപൻ എം.എൽ.എക്കും സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റിക്കും രാജേശ്വരി പരാതി നൽകി. കേസെടുത്തിട്ടുണ്ടെന്ന വിവരം മാത്രമാണ് ഒമ്പത് മാസത്തിനിടെ ലഭിച്ചത്. അപകടത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ കുടുംബനാഥനും 90 വയസ്സുള്ള അമ്മയും മരുമകളും കുഞ്ഞും അടങ്ങുന്ന കുടുംബത്തെ രാജേശ്വരി വീട്ടുജോലി ചെയ്താണ് പോറ്റുന്നത്. വെള്ളാങ്ങല്ലൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് വീടുപണിയാനെടുത്ത നാലുലക്ഷത്തിെൻറ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്. കണ്ണടയും മുമ്പ് ഈ അമ്മക്ക് ഒന്നേ അറിയേണ്ടതുള്ളൂ, മകൻ എവിടെയെങ്കിലും ജീവനനോടെയുണ്ടോ?. അതറിയാനുള്ള അലച്ചിലിലാണ് ഇപ്പോൾ രാജേശ്വരിയുടെ ജീവിതം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.