‘സുകുമാരചരിതം ആട്ടക്കഥ’; രചന, സംവിധാനം വെള്ളാപ്പള്ളി

കാസര്‍കോട് തൃക്കരിപ്പൂര്‍ യൂനിയനുകീഴില്‍ മൈക്രോഫിനാന്‍സിന്‍െറ പേരില്‍ അരങ്ങേറിയത് ശുദ്ധതട്ടിപ്പ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍. അരങ്ങത്ത് ആടിയത് വെള്ളാപ്പള്ളിയുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ തൃക്കരിപ്പൂര്‍ യൂനിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍. വെള്ളാപ്പള്ളിക്കോ അനുചരന്മാര്‍ക്കോ ഇനി തൃക്കരിപ്പൂരില്‍ കാലുകുത്താനാകില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. അത്രക്ക് അമര്‍ഷമാണ് അംഗങ്ങള്‍ക്ക് എസ്.എന്‍.ഡി.പി നേതൃത്വത്തോടുള്ളത്. നിലവില്‍, തട്ടിപ്പിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍കൗണ്‍സില്‍ രൂപവത്കരിച്ച് നിയമപോരാട്ടം നടത്തുകയാണ്.
തട്ടിപ്പിനെക്കുറിച്ച് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.വി. കൃഷ്ണന്‍ പറയുന്നത് -തൃക്കരിപ്പൂര്‍ യൂനിയനുകീഴില്‍ 20ഓളം ശാഖകളുണ്ട്. ഇവക്കുകീഴിലെ 15 സ്വയംസഹായ സംഘങ്ങളുടെ പേരിലാണ് 30 ലക്ഷം തട്ടിച്ചത്. ഓരോ സംഘത്തിനും രണ്ടുലക്ഷം വീതമാണ് സംഘടിപ്പിച്ചെടുത്തത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് തൃക്കരിപ്പൂര്‍ യൂനിയന്‍ ഓഫിസില്‍ സ്വാശ്രയസംഘങ്ങളുടെ യോഗംചേര്‍ന്നിരുന്നു.
അതില്‍ പങ്കെടുത്ത ഭാരവാഹികളുടെ ഗ്രൂപ് ഫോട്ടോ ഓഫിസ് ആവശ്യത്തിനെന്നപേരില്‍ സുകുമാരന്‍ തരപ്പെടുത്തി. തുടര്‍ന്ന് ഭാരവാഹികളുടെ വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നു. ആടുവളര്‍ത്തല്‍, കോഴിക്കച്ചവടം, ഐസ്ക്രീം യൂനിറ്റ്, ഹോട്ടല്‍ നടത്തിപ്പ് എന്നിവക്കുള്ള പ്രപ്പോസലുകളാണ് നല്‍കിയത്. എന്നാല്‍, 15 സംഘങ്ങളില്‍ ആരും മേല്‍പ്പറഞ്ഞ കച്ചവടം ചെയ്യുന്നില്ല. അതിന്‍െറപേരില്‍ നയാപൈസപോലും ലഭിച്ചിട്ടുമില്ല.
വായ്പത്തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രണ്ടുസംഘങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് അംഗങ്ങള്‍ അറിഞ്ഞതുതന്നെ. പിന്നാക്കവികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസ് മുഖാന്തരം ബന്ധപ്പെട്ടപ്പോള്‍ 15 ഓളം സംഘങ്ങള്‍ക്ക് രണ്ടുലക്ഷംവീതം വായ്പ അനുവദിച്ചതായി അറിയാന്‍കഴിഞ്ഞു. ചെറുകാനം ശ്രീനാരായണ സ്വാശ്രയസംഘം പ്രസിഡന്‍റ് വനജാബാലകൃഷ്ണന്‍ തട്ടിപ്പിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ചന്തേര പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതോടെ, സുകുമാരന്‍ കൂടുതല്‍  പ്രതിരോധത്തിലായി. നാട്ടുകാരുടെമുന്നില്‍ ഉത്തരംമുട്ടിയ സാഹചര്യത്തില്‍ അദ്ദേഹമിപ്പോള്‍ വീട്ടില്‍നിന്ന് മാറിത്താമസിക്കുകയാണ്. സംഭവം വിവാദമായതോടെ പിന്നാക്കവികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസില്‍നിന്ന് ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെി. വയല്‍വാരം, ചെമ്പഴന്തി, ശ്രീനാരായണ, ശാരദാമഠം, ശിവഗിരി, ഗുരുദേവ തുടങ്ങിയ സംഘങ്ങള്‍ സുകുമാരനെതിരെ മൊഴിനല്‍കി. ലോക്കല്‍ പൊലീസിനുമുന്നിലും മൊഴി ആവര്‍ത്തിച്ചു. പിന്നാക്ക വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് തെളിവെടുപ്പിനത്തെിയ ചന്തേര അഡീഷനല്‍ എസ്.ഐ കെ. വിജയന് തട്ടിപ്പിന്‍െറ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായി. കേസ് ഉന്നതരിലേക്ക് നീളുമെന്ന് ലോക്കല്‍ പൊലീസ് എസ്.പി ഓഫിസിനെ ധരിപ്പിച്ചു.
തുടര്‍ന്ന്, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് എസ്.പി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു. കേസിന്‍െറ വിശദാംശങ്ങള്‍ അടങ്ങിയ ഫയലും കൈമാറി. ഈ ഫയല്‍ ഉടന്‍തന്നെ ആഭ്യന്തരവകുപ്പ് വിളിപ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. അന്വേഷണം അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമായിരുന്നു ഫലംകണ്ടത്. നീതിലഭിക്കില്ളെന്ന് ബോധ്യമായ വനജ ബാലകൃഷ്ണന്‍ ഹൈകോടതിയെ സമീപിച്ചു. ഇതോടെ, കൂടുതല്‍പേര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയുംചെയ്തു. വനജ കോടതിയില്‍ നല്‍കിയ പരാതിയില്‍ ആക്ഷന്‍കൗണ്‍സിലും കക്ഷിചേര്‍ന്നിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ അറിയാതെ ഇത്രവലിയ തട്ടിപ്പ് നടക്കില്ളെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗംഗാധരന്‍ പറയുന്നു. 30 ലക്ഷത്തിന്‍െറ തട്ടിപ്പില്‍ വെള്ളാപ്പള്ളി 20 ലക്ഷവും ബാക്കിത്തുക സുകുമാരനും കൈക്കലാക്കിയെന്ന് തൃക്കരിപ്പൂര്‍ യൂനിയന്‍ മുന്‍ ഭാരവാഹി പറയുന്നു. തെളിവുകളെല്ലാം സുകുമാരന് എതിരായതോടെ മറ്റു യൂനിയന്‍ഭാരവാഹികളും വെള്ളാപ്പള്ളിക്കെതിരെ തിരിഞ്ഞു. ഇതോടെ, യൂനിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആക്ഷന്‍ കൗണ്‍സിലിന് സജീവ പിന്തുണകൊടുക്കുമ്പോഴും പലര്‍ക്കും  വെള്ളാപ്പള്ളിയെ  ഭയമാണ്.
മറ്റു ജില്ലകളിലും സമാനസാഹചര്യത്തിലാണ് തട്ടിപ്പ് നടന്നത്. ചിലയിടങ്ങളില്‍ വ്യാജപ്പേരില്‍ വായ്പ തട്ടിയെടുത്തുവെന്ന് മാത്രമല്ല, ചില സംഘങ്ങള്‍ക്ക് നല്‍കിയെന്ന് കോര്‍പറേഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ പകുതി തുകപോലും നല്‍കിയിട്ടുമില്ല. കോഴിക്കോട്ട് ആറു യൂനിറ്റുകള്‍ക്കായി 1.18കോടി നല്‍കിയെന്നാണ് രേഖ. എന്നാല്‍, അഞ്ചു യൂനിറ്റുകള്‍ക്കായി 40.45 ലക്ഷമാണ് കിട്ടിയത്. തൃശൂര്‍ ചാലക്കുടി യൂനിറ്റിനുകീഴില്‍ അനുവദിച്ചത് 20 ലക്ഷം നല്‍കിയത് നാലു സംഘങ്ങള്‍ക്കായി 10 ലക്ഷം മാത്രം.
മലപ്പുറം ജില്ലയില്‍ 10 സംഘങ്ങള്‍ക്ക് 20 ലക്ഷം അനുവദിച്ചു. നല്‍കിയത് ഒമ്പതു ലക്ഷം. ഇടുക്കിജില്ലയില്‍ പരിശോധനക്കുചെന്ന ഉദ്യോഗസ്ഥരുമായി യൂനിയന്‍ സഹകരിച്ചില്ല. ആ ജില്ലയില്‍ അനുവദിച്ച പണവും ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് വ്യക്തമാണ്.  

‘ഇപ്പ ശര്യാക്കിത്തരാമെന്ന്’ ആഭ്യന്തരമന്ത്രി

ഏതെങ്കിലും ഒരു പ്രാദേശിക ചിട്ടിക്കമ്പനിക്കോ സ്വകാര്യ ധനകാര്യസ്ഥാപനത്തിനോ എതിരെ ഇത്തരം പരാതി ലഭിച്ചാല്‍ അന്നേദിവസംതന്നെ സ്ഥാപനത്തിന് താഴുവീഴും. നടത്തിപ്പുകാരന്‍ അഴിയെണ്ണും. പക്ഷേ, വെള്ളാപ്പള്ളിയെന്ന വമ്പന്‍സ്രാവിനെതിരെ ആരോപണങ്ങള്‍ ശക്തമാകുമ്പോഴും ആഭ്യന്തരവകുപ്പ് മൗനം തുടരുകയാണ്. കൊള്ളപ്പലിശക്കാരെ അടിച്ചമര്‍ത്താന്‍ ‘ഓപറേഷന്‍ കുബേര’ നടപ്പാക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണം -ചെറുകാനത്തെ വനിതാപ്രവര്‍ത്തക പറയുന്നു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനത്തെിയ രമേശ് ചെന്നിത്തലയെ സ്വാശ്രയസംഘ പ്രതിനിധികള്‍ കണ്ടിരുന്നു. തങ്ങള്‍ക്ക് നീതിലഭിക്കാന്‍ ഇടപെടണമെന്നായിരുന്നു ആവശ്യം. അദ്ദേഹം ഉടന്‍തന്നെ എസ്.പിയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ആരാഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഐ.പി.സി 468, 471, 420 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകള്‍ ശക്തമാണെന്ന് എസ്.പി അറിയിച്ചു. കേസുമായി മുന്നോട്ടുപോകുമെന്നും തട്ടിപ്പുകാരെ ഉടന്‍ അകത്താക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ‘സന്ധിയില്ലാസമരം’ നടത്തുന്ന മന്ത്രിയുടെ വാക്കുകള്‍ ജനം വിശ്വസിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ചപ്പോള്‍ സുകുമാരന്‍ ജാമ്യമെടുത്ത് പുറത്ത് വിലസുകയാണ്. മറ്റുജില്ലകളിലും വെള്ളാപ്പള്ളിയുടെ സ്വന്തം ‘സുകുമാരന്മാര്‍’ വിഹരിക്കുന്നു.

'മാധ്യമം' പറയുന്നത് പച്ചക്കള്ളം- വെള്ളാപ്പള്ളി

അടിമാലി: മെക്രോ ഫിനാന്‍സിനെക്കുറിച്ച് ‘മാധ്യമം’ ദിനപ്പത്രം പച്ചക്കള്ളമാണ് അടിച്ചിറക്കുന്നതെന്ന് വെള്ളാപ്പള്ളി. പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ വെള്ളാപ്പള്ളി കോര്‍പറേഷനാക്കി രണ്ടരക്കോടി അടിച്ചുമാറ്റിയെന്നാണ് മാധ്യമം പറയുന്നത്. മൈക്രോ ഫിനാന്‍സില്‍ ഒരു രൂപ പോലും അഴിമതി നടത്തിയിട്ടില്ല.
ചെക്കിലൂടെയല്ലാതെ ഒരു ഇടപാടും നടത്താത്ത തന്നെ മന$പൂര്‍വം തേജോവധം ചെയ്യാനാണ് ഇത്തരം വാര്‍ത്തകള്‍ ചമക്കുന്നത്. പിന്നാക്ക ക്ഷേമ വകുപ്പില്‍നിന്ന് ലഭിച്ച പണം ശാഖകള്‍ മുഖാന്തരമാണ് നല്‍കിയത്. താന്‍ പണം വാങ്ങിയെന്ന് ശാഖ ഭാരവാഹികള്‍ പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അച്യുതാനന്ദന് കുടപിടിച്ചാണ് ഇത്തരം കള്ളത്തരങ്ങള്‍ പറയുന്നത്. ഈഴവര്‍ എടുത്ത കണക്കാണ് മാധ്യമം നിരത്തുന്നത്. എന്നാല്‍, സത്യസന്ധതയുണ്ടെങ്കില്‍ മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ എടുത്ത വായ്പകളുടെ കണക്കും ഇതോടൊപ്പം പുറത്തുവിടണം.
സമുദായത്തെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. നിലയും വിലയും മനസ്സിലാക്കി വേണം വ്യക്തിഹത്യ ചെയ്യുവാന്‍. വെടിക്കെട്ടുകാരനെ പടക്കം പൊട്ടിച്ച് പേടിപ്പിക്കാനാണ് ഇത്തരം ആളുകള്‍ ശ്രമിക്കുന്നത്. ഇതിലൊന്നും താന്‍ വീഴില്ല. വെള്ളാപ്പള്ളി പറഞ്ഞു.

(നാളെ: മൈക്രോഫിനാന്‍സ് പണം കടത്തിയത് വിദേശത്തേക്ക്?)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.