സര്‍ക്കാര്‍ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയാറാകണം –വി. മുരളീധരന്‍


തിരുവനന്തപുരം: അഴിമതി മുഖമുദ്രയാക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടെന്നും  സര്‍ക്കാര്‍ പിരിച്ചുവിടാന്‍ സ്വമേധയാ തയാറാകണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍.  ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ അഴിമതി സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളാര്‍ അഴിമതിക്ക് പിന്നാലെ ബാര്‍ കോഴയും മറ്റ് നിരവധി അഴിമതി ആരോപണങ്ങളും വന്നു. എന്നിട്ടും ലജ്ജയില്ലാതെ ഭരണത്തില്‍ തുടരുകയാണ്. കോഴ ആരോപണത്തില്‍പെട്ട മന്ത്രി കെ.എം. മാണി  രാജിവെച്ചു. എന്നാല്‍, കൂട്ടുപ്രതികളായ മറ്റ് രണ്ട് മന്ത്രിമാര്‍ ഒരു കൂസലുമില്ലാതെ പദവിയില്‍ തുടരുന്നു. ഈ സര്‍ക്കാര്‍ രാജിവെക്കുംവരെ പ്രക്ഷോഭ പരിപാടികള്‍ തുടരാനാണ് ബി.ജെ.പി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷതവഹിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഐ.എന്‍. രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എം.ടി. രമേഷ്, പി.എം. വേലായുധന്‍, ഡോ.പി.പി. വാവ, നാരായണന്‍ നമ്പൂതിരി, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, വി.വി. രാജന്‍, എ.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.