കാസര്‍കോട് നാരായണന്‍ വധം: ഒന്നാം പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: സി.പി.എം. പ്രവര്‍ത്തകന്‍ കാലിച്ചാനടുക്കം കായക്കുന്നിലെ സി. നാരായണനെ കൊലപ്പെടുത്തുകയും സഹോദരന്‍ അരവിന്ദനെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ  മുഖ്യ പ്രതി എറളാലിലെ ശ്രീനാഥിനെ (33) പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതി പുഷ്പരാജ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞദിവസം പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അമ്പലത്തറ എ.എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ഇയാള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പുഷ്പരാജ് ആശുപത്രി വിടുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

അതിനിടെ കൊല്ലപ്പെട്ട കാലിച്ചാനടുക്കം കായക്കുന്നിലെ നാരായണന്‍, സഹോദരന്‍ അരവിന്ദന്‍ എന്നിവര്‍ക്കെതിരെ അമ്പലത്തറ പൊലിസ് വധശ്രമത്തിന് കേസെടുത്തു. നാരായണനെ കൊലപ്പെടുത്തുകയും അരവിന്ദനെ കുത്തിപരിക്കേല്‍പ്പിക്കുകയും  ചെയ്ത കേസില്‍ പ്രതിയായ എറളാലിലെ പുഷ്പരാജിന്‍്റെ പരാതിയനുസരിച്ചാണ് പൊലിസ് കേസെടുത്തത്. അതേ സമയം ഞായറാഴ്ച കൊളവയലിലും അമ്പലത്തറ പേരരൂരിലുമുണ്ടായ അക്രമസംഭവങ്ങളില്‍ ഹൊസ്ദുര്‍ഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാറ്റാടിയില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കൊളവയലിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പത് പേര്‍ക്കെതിരെയും അമ്പലത്തറ പേരൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീടും വാഹനങ്ങളും അക്രമിച്ച സംഭവത്തില്‍ കണ്ടലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെയും അമ്പലതറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.