സ്വകാര്യ ബസുകളുമായി മത്സരം വേണ്ട; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാനേജ്മെന്‍റിന്‍െറ ഉപദേശം

കോട്ടയം: കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത സ്വകാര്യ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ക്കൊപ്പം സ്വകാര്യ ബസുകള്‍ക്കും എല്‍.എസ് ആയി ഓടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ സ്വകാര്യ ബസുകളുമായി മത്സരിക്കരുതെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍െറ ഉപദേശം.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതെങ്കിലും അവരുമായി മത്സരത്തിന് മുതിരുകയോ സംഘര്‍ഷത്തിന് ഇടനല്‍കുകയോ പാടില്ളെന്നും ഡി.ടി.ഒമാര്‍ മുഖേന ജീവനക്കാര്‍ക്ക് നല്‍കിയ ഉപദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവ് എന്തായാലും അനുസരിക്കണമെന്നും നിശ്ചിത സമയത്തുതന്നെ സര്‍വിസ് നടത്താന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാറിന്‍െറ പുതിയ തീരുമാനം കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ മാനേജ്മെന്‍റിനെ അറിയിച്ചു.
 പ്രതിദിന വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് കോര്‍പറേഷനെ മൊത്തത്തില്‍ ബാധിക്കുമെന്ന ആശങ്കയും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും അതിനാല്‍ കോര്‍പറേഷന്‍ കോടതിയെ സമീപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതോടെ പുതിയ പെര്‍മിറ്റ് തരപ്പെടുത്താന്‍ ആര്‍.ടി ഓഫിസുകളില്‍ സ്വകാര്യ ബസുടമകളുടെയും ഏജന്‍റുമാരുടെയും തിരക്ക് കഴിഞ്ഞദിവസം തന്നെ ആരംഭിച്ചിരുന്നു. പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെയാണെങ്കിലും കൃത്രിമ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനുള്ള തന്ത്രങ്ങളും ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. 185 പെര്‍മിറ്റുകളാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടപ്പെടുക. ഇതിലൂടെ പ്രതിദിനം 25ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT