ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍െറ മരുമകന്‍ പുഴയോരം കൈയേറിയെന്ന് റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുട: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍െറ മരുമകന്‍ പി.വി. ശ്രീനിജന്‍ ചാലക്കുടി പുഴയോരം കൈയേറിയെന്ന് റിപ്പോര്‍ട്ട്. പുഴയോരം  കൈയേറി കരിങ്കല്‍ ഭിത്തിയും പുല്‍ത്തകിടിയും പടവുകളും നിര്‍മിച്ചതായും റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ചാലക്കുടി പുഴയോരത്തെ ഒരേക്കറോളം പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് കാണിച്ച് മലയാളവേദി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് വട്ടുകുളം 2011ല്‍ ചാലക്കുടി കോടതിയില്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

പരാതിയുടെ അന്വേഷണത്തിനിടെ വില്ളേജ് ഓഫിസര്‍, ജലവിഭവ വകുപ്പ് അഡീഷനല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മൊഴിയിലുമാണ് കൈയേറ്റം സ്ഥിരീകരിച്ചത്. പുഴയോരത്ത് നടത്തിയ പരിശോധനയില്‍ കരിങ്കല്‍ ഭിത്തി കെട്ടി പുല്‍ത്തകിടിയും പ്ളാറ്റ്ഫോമും പടവുകളും നിര്‍മിച്ചതായി കണ്ടെന്നും അതിനൊന്നും അനുമതിയില്ളെന്നുമാണ് ജലവിഭവ വകുപ്പിന്‍െറ റിപ്പോര്‍ട്ടിലുള്ളത്. പുഴയില്‍ നിന്ന് പട്ടയഭൂമിയുടെ അതിര്‍ത്തി വരെ 15 മീറ്ററോളം നീളത്തില്‍ കൈയേറ്റമുണ്ടെന്നാണ് റവന്യൂ വകുപ്പിന്‍െറ കണ്ടത്തെല്‍. പുഴയുടെ അതിര്‍ത്തി കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ളെങ്കില്‍ ഇത് പുറമ്പോക്കാണെന്നതില്‍ സംശയമില്ളെന്നും സാക്ഷ്യപ്പെടുത്തുന്നു.

പുഴയോട് ചേര്‍ന്ന് നാല് വര്‍ഷത്തിനിടെ ഒരു നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടില്ളെന്ന് കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറിയും ബോധിപ്പിച്ചു. റിപ്പോര്‍ട്ട് ഒക്ടോബര്‍ ആറിന് കോടതി പരിഗണിക്കും. ഇതിന് ശേഷമാവും ശ്രീനിജനെതിരെ കേസെടുക്കണമോയെന്ന് കോടതി തീരുമാനിക്കുക. നേരത്തെ ചാലക്കുടി മജിസ്ട്രേറ്റ് കോടതി പരിഗണിച്ച കേസില്‍ മജിസ്ട്രേറ്റിനെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ സെഷന്‍സ് കോടതി ഇരിങ്ങാലക്കുട കോടതിയിലേക്ക് മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.