ഇടുക്കിയിലെ വ്യാജപട്ടയം: കോടതിയില്‍ ഒമ്പത് കേസുകള്‍

തിരുവനന്തപുരം: ഇടുക്കിയില്‍  വ്യാജപട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ളത് ഒമ്പത് കേസുകള്‍. 2004 മുതല്‍ 2014 മാര്‍ച്ച് വരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് 12 കേസുകളും. പി.ജെ.ജോസഫ് റവന്യു മന്ത്രിയായിരിക്കെ നടന്ന ഭൂമി കൈയേറ്റം സംബന്ധിച്ച രണ്ട് കേസിലെ വിജിലന്‍സ് അന്വേഷണം കോടതി തടഞ്ഞിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുളമാവ് വനം കൈയേറാന്‍ അനുമതി നല്‍കിയെന്ന പരാതിയെ സംബന്ധിച്ച അന്വേഷണമാണ് ആദ്യം കോടതി തടഞ്ഞത്. നാടുക്കാണി ഗാന്ധി സ്റ്റഡി സെന്‍ററിനു സമീപത്തെ വനം കൈയേറ്റമാണ് മറ്റൊന്ന്. രണ്ടിടത്തും ഭൂമി കൈയേറി റിസോര്‍ട്ട് ഉടമക്ക് സാമ്പത്തിക ലാഭമുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. കോടതി തടഞ്ഞതിനാല്‍ രണ്ട് കേസിലും വിജിലന്‍സ് അന്വേഷണം നടന്നില്ല. മറ്റ് 10 കേസുകളിലും വിജിലന്‍സ് അനേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരെണ്ണത്തില്‍ വകുപ്പുതല നടപടിക്ക് നിര്‍ദേശവും നല്‍കി.
അതേസമയം, ഒമ്പതുകേസുകളില്‍ കൈയേറ്റക്കാര്‍ വിജിലന്‍സിനെതിരെ ഹൈകോടതിയെ സമീപിച്ചു. 1993-2000 കാലയളവില്‍ 99 ഭൂരഹിതര്‍ക്ക് നല്‍കിയ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്ത പട്ടയം കൈക്കലാക്കിയെന്നാണ് ആദ്യത്തെ കേസ്. നിലവിലെ ഡി.ജി.പി സെന്‍കുമാറാണ് ദേവികുളം താലൂക്കിലെ കോട്ടക്കാമ്പൂര്‍ വില്ളേജിലെ കടവരിയില്‍ 344.5 ഏക്കര്‍ സ്ഥലം കൈയേറിയത് അന്വേഷിച്ചത്. എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ ആരോപണ വിധേയന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
1980ലെ കേരള ലാന്‍ഡ് അസൈന്‍മെന്‍റ് നിയമവും 1964ലെ കേരള ലാന്‍ഡ് അക്വിസിഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചും  2000ത്തില്‍ ഇടുക്കി വില്ളേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ വ്യാജപട്ടയങ്ങള്‍ നല്‍കിയതാണ് മറ്റൊരു കേസ്.
പട്ടയങ്ങള്‍ ലഭിച്ചവര്‍ അത് ഈടുവെച്ച് ബാങ്കുകളില്‍നിന്നും വായ്പയും തരപ്പെടുത്തി. വില്ളേജ് ഓഫിസിലെ ഉദ്യോഗസ്ഥരാകട്ടേ  തണ്ടപ്പേര്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ ഇതെല്ലാം വ്യക്തമാവുകയും ചെയ്തിരുന്നു.
ചിന്നക്കനാല്‍ വില്ളേജിലെ വേണു താവളം 148 , 149 സര്‍വേ നമ്പറുകളിലെ ഭൂമി കൈയേറി തണ്ടപ്പേര്‍ രജിസ്റ്ററില്‍ കൃത്രിമം കാണിച്ച് ഭൂമി പോക്കുവരവ് ചെയ്തതാണ് വേറൊരു കേസ്. രാജകുമാരി വില്ളേജിലെ സര്‍ക്കാര്‍ ഭൂമി അഞ്ചുതാര റിസോര്‍ട്ട്സിന് പതിച്ചുനല്‍കിയതു വഴി സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടത്തെിയതും കോടതിയിലത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.