പി.എസ്.സി: വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 1000 രൂപ

തിരുവനന്തപുരം: നിയമനം ലഭിച്ചവരില്‍നിന്ന് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 1000 രൂപ ഈടാക്കാന്‍ പി.എസ്.സി തീരുമാനം. പരീക്ഷാഹാളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം 20ല്‍നിന്ന് 30 ആക്കാനും പ്രതീക്ഷിത ഒഴിവുകളിലേക്ക് മുന്‍കൂട്ടി വിജ്ഞാപനം നടത്തി റാങ്ക് പട്ടിക തയാറാക്കുന്ന രീതി അവസാനിപ്പിക്കാനും കമീഷന്‍ തീരുമാനിച്ചു.
നിയമനം ലഭിച്ച ശേഷം സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ച് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനാണ് പുതുതായി 1000 രൂപ ഫീസ് ചുമത്തുക. ഇതിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്നാണ് പി.എസ്.സി വിലയിരുത്തല്‍. ഫീസ് എന്നുമുതല്‍ ചുമത്തണമെന്ന്  തീരുമാനിച്ചിട്ടില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ധനവകുപ്പ് കൊണ്ടുവന്ന സാമ്പത്തിക നിയന്ത്രണവും സംബന്ധിച്ച് കമീഷന്‍ യോഗം പ്രത്യേകം ചര്‍ച്ച നടത്തി. പരീക്ഷാഹാളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം ഇതിന്‍െറ അടിസ്ഥാനത്തിലാണ്. ചെലവ് ചുരുക്കണമെന്ന് നേരത്തെ പി.എസ്.സി ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍  ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ വെളിച്ചത്തില്‍ 15ഓളം നിര്‍ദേശങ്ങള്‍ കമീഷന്‍ മുമ്പാകെ വന്നു.  
അത്യാവശ്യം തസ്തികകളില്‍ മാത്രമേ ഇനി പ്രതീക്ഷിത ഒഴിവുകളിലേക്ക് മുന്‍കൂട്ടി വിജ്ഞാപനം ഇറക്കി റാങ്ക് പട്ടിക തയാറാക്കൂ. ബാക്കിയുള്ളവയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴേ വിജ്ഞാപനവും തുടര്‍നടപടികളും സ്വീകരിക്കൂ. ഭൂരിഭാഗം തസ്തികകളിലും പ്രതീക്ഷിത ഒഴിവുകളിലേക്ക് വിജ്ഞാപനം നടത്തുന്നതാണ് നിലവിലെ രീതി. പരീക്ഷാ ചെലവുകള്‍ കുറക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമീഷന്‍ പരീക്ഷാ കണ്‍ട്രോളറോട് ആവശ്യപ്പെട്ടു. ഫണ്ട് വിനിയോഗം സംബന്ധിച്ച് മൂന്നുമാസത്തിലൊരിക്കല്‍ പ്രത്യേക പരിശോധന നടത്തും.  ധനകാര്യ വിഷയങ്ങള്‍ക്കായി പി.എസ്.സി അംഗങ്ങളുടെ സ്ഥിരംഉപസമിതി രൂപവത്കരിക്കും. കായിക ക്ഷമതാ പരീക്ഷകള്‍ക്ക് വേദിയാകുന്ന സര്‍ക്കാര്‍ മൈതാനങ്ങളും ഗ്രൗണ്ടുകളും സൗജന്യമായി അനുവദിക്കാന്‍ ആവശ്യപ്പെടും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.