അവയവദാനം: ചെന്നൈയിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ചെന്നൈ: കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' വഴി ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ വേര്‍പ്പെടുത്തിയ ഹൃദയവും ശ്വാസകോശവും ചെന്നൈയില്‍ മറ്റൊരാളില്‍ വെച്ചുപിടിപ്പിച്ചു. ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവ്(19)ന്റെ അവയവങ്ങളാണ് പ്രത്യേക വിമാനത്തില്‍ രാവിലെ കൊണ്ടു പോയത്. കൂടാതെ, യുവാവിന്റെ കിഡ്‌നിയും കരളും ലേക് ഷോര്‍ ആശുപത്രിലെയും മറ്റൊരു കിഡ്‌നി കോഴിക്കോട് മെഡിക്കല്‍ കോളജിലെയും ചെറുകുടല്‍ അമൃത ആശുപത്രിയിലെയും കണ്ണിന്റെ കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെയും രോഗികളില്‍ വെച്ചുപിടിപ്പിക്കാനായി കൈമാറി. ഞായറാഴ്ചയാണ് വാഹനാപകടത്തെ തുടര്‍ന്ന് പ്രണവിനെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യമായാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് അവയവദാനം നടക്കുന്നത്.

അവയവങ്ങള്‍ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ രാവിലെ എട്ടരക്കാണ് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഉച്ചക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് പ്രത്യേക പെട്ടിയില്‍ റോഡ് മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച അവയവങ്ങള്‍ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അരൂരില്‍ നിന്നും ബൈപാസ് വഴി ആംബുലന്‍സില്‍ അവയവങ്ങള്‍ നെടുമ്പാശേരിയിലേക്ക് കൊണ്ടു പോകാന്‍ സിറ്റി ട്രാഫിക് പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സുരക്ഷിത പാത ഒരുക്കി.
ചെന്നൈയില്‍ നിന്നും ശസ്ത്രക്രിയ വിദഗ്ധന്മാരായ ഡോ. സുരേഷ് റാവു, ഡോ. മുരളികൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് ശസ്ത്രക്രിയക്കായി ലേക് ഷോര്‍ ആശുപത്രിയിലെത്തിയത്. കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'ലൂടെയാണിത്.

നേരത്തെ ജൂലൈ 25ന് തിരുവനന്തപുരത്ത് പാറശാലയിലെ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം അങ്കമാലി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മാത്യു അച്ചാടന് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വേര്‍പ്പെടുത്തിയ ഹൃദയം നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചത്. എയര്‍ ആംബുലന്‍സ് വഴി സംസ്ഥാനത്ത് നടക്കുന്ന ആദ്യ അവയവമാറ്റമായിരുന്നു ഇത്.

കേരളത്തില്‍ തന്നെ 136ാമത്തെ ദായകനാണ് നീലകണ്ഠശര്‍മയെന്നും 361ാമത്തെ സ്വീകര്‍ത്താവാണ് മാത്യു അച്ചാടനെന്നും സംസ്ഥാന സര്‍ക്കാറിന്റെ അവയവദാനം ഏകോപിപ്പിക്കുന്നതിനായി രൂപം കൊടുത്ത 'മൃതസഞ്ജീവനി'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയം, വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ ഇതിനകം വേറെയും 360 പേരില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.