ടി.പി വധ ഗൂഢാലോചന: കിര്‍മാണി മനോജിനും രജീഷിനും ജാമ്യം

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ 2009ല്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മനോജ്കുമാര്‍ എന്ന കിര്‍മാണി മനോജ്, ടി.കെ. രജീഷ് എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി-മൂന്ന് (വഖഫ് ട്രൈബ്യൂണല്‍) ജാമ്യം അനുവദിച്ചത്. ചോമ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെ 50,000 രൂപയുടെ ജാമ്യവും തുല്യസംഖ്യക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് അനുവദിച്ചത്. ടി.പി വധക്കേസില്‍ രണ്ടാം പ്രതിയായ കിര്‍മാണി മനോജും നാലാം പ്രതി ടി.കെ. രജീഷും നിലവില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചത് പരോളിലിറങ്ങാന്‍ പ്രതികള്‍ക്ക് സഹായകമാവും.വധ ഗൂഢാലോചനക്കേസിലെ  ഒന്നാംപ്രതി സി.പി.എം നേതാവ് സി.എച്ച്. അശോകന്‍ വിചാരണക്കിടെ മരിച്ചിരുന്നു.
ഗൂഢാലോചനക്കേസ് നിലനില്‍ക്കുന്നതല്ളെന്നും തള്ളണമെന്നുമുള്ള പ്രതികളുടെ ആവശ്യത്തില്‍ വാദം കേള്‍ക്കലാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ വാദം കേള്‍ക്കല്‍ ആഗസ്റ്റ് ഏഴിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.