വിദേശത്തു നിന്ന് ലഹരിയെത്തുന്നെന്ന് രഹസ്യ വിവരം; പുലർച്ചെ വീട് റെയ്ഡ് ചെയ്ത പൊലീസും ഞെട്ടി, പിടികൂടിയത് ഒന്നരക്കിലോ എം.ഡി.എം.എ

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി കരിപ്പൂരിലെ വീട്ടിൽ നിന്ന് 1.66 കിലോഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. മുക്കൂട് മുള്ളൻമടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സ്ക്വാഡും എം.ഡി.എം.എ പിടിച്ചത്. ലഹരി കേസിൽ രണ്ട് ദിവസം മുമ്പ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തയാളാണ് ആഷിഖ്.

തിങ്കളാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത് എന്നാണ് സൂചന.

പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാഴ്സൽ വന്നിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം വീട് റെയ്ഡ് ചെയ്താണ് എം.ഡി.എം.എ പിടിച്ചെടുത്തത്.

പശ്ചിമ കൊച്ചിയില്‍ നിന്ന് ജനുവരിയിൽ എം.ഡി.എം.എ ഉള്‍പ്പെടെ മയക്കുമരുന്നുകൾ പിടികൂടിയ കേസിലെ ഇടനിലക്കാരനാണ് ഇപ്പോൾ പിടിയിലായ നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖ് (26). രണ്ട് ദിവസം മുമ്പാണ് ഇയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമാനില്‍ നിന്ന് എം.ഡി.എം.എ കുറഞ്ഞ നിരക്കില്‍ വാങ്ങി വിമാനമാര്‍ഗം കള്ളക്കടത്തായി എത്തിച്ചായിരുന്നു ആഷിഖ് ലഹരി സംഘങ്ങള്‍ക്ക് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി യുവതി ഉള്‍പ്പെടെ ആറ് പേരാണ് പിടിയിലായിരുന്നത്. കഴിഞ്ഞ ജനുവരി 30ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖ്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയിഷ ഗഫര്‍ സെയ്ദ് എന്നിവരെ മട്ടാഞ്ചേരിയിലുള്ള ഒരു ഹോട്ടലില്‍ നിന്ന് 300 ഗ്രാമിനടുത്ത് എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം മൂല്യം വരുന്ന ഒമാന്‍ കറന്‍സികളുമായി പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പശ്ചിമ കൊച്ചിയില്‍ നടത്തിയ അന്വേഷണത്തിൽ മറ്റു നാലു പേരെ കൂടി മയക്കുമരുന്നുമായി പിടികൂടി.

കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെ ഫെബ്രുവരി ഒന്നിന് വൈപ്പിനില്‍ വെച്ചും സംഘത്തില്‍പ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മാഈല്‍ സേഠ് എന്ന യുവാവിനെ ഫെബ്രുവരി അഞ്ചിന് മട്ടാഞ്ചേരിയില്‍ നിന്നും പിടികൂടി. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള വിശദ അന്വേഷണത്തിലാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുന്ന ആഷിഖ് ഒമാനില്‍ നിന്ന് വാങ്ങുന്ന എം.ഡി.എം.എ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും ഫ്ളാസ്‌കുകള്‍ക്കുള്ളിലും അതിവിദഗ്ധമായി ഒളിപ്പിച്ച് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഷിഖ് വീട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മട്ടാഞ്ചേരി പൊലീസ് കൊണ്ടോട്ടിയിലെത്തി ഡാന്‍സാഫിന്റേയും കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാൾക്ക് വീണ്ടും പാഴ്സൽ എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരക്കിലോ എം.ഡി.എം.എ വീട്ടിൽ നിന്ന് പിടികൂടിയത്.

Tags:    
News Summary - 1.6 kilo gram mdma seized from a Karipur house police raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.