കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ ആരംഭിച്ച ഡിജിറ്റല്‍ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുമ്പോൾ മന്ത്രി പി. രാജീവും ഹൈബി ഈഡൻ എം.പിയും
കളമശ്ശേരി: അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ടപ് എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന് കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ ആരംഭിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിെൻറ ത്വരിത സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന സ്റ്റാര്‍ട്ടപ് രംഗത്തിന് കരുത്തുപകരാന്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്‍കുബേഷന്‍ സംവിധാനവും ടെക്നോളജി ലാബുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോളജി ഇന്നവേഷന്‍ സോണില്‍ ഇൻറഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സ് ആരംഭിക്കുമ്പോള്‍ രണ്ട് ലക്ഷം ചതുരശ്രയടിയായിരുന്നു ശേഷി. ഡിജിറ്റല്‍ ഹബിെൻറ വരവോടെ അത് നാല് ലക്ഷം ചതുരശ്രയടിയിലേക്ക് വളര്‍ന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലിശരഹിത വായ്പ കെ.എസ്.യു.എം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ തയാറായവരെ ആകര്‍ഷിക്കാൻ നടപടി എടുത്തു. ഇതിലൂടെ സ്റ്റാര്‍ട്ടപ് മേഖലയിലേക്ക് 750 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇതിനുപുറമെ കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ കൂട്ടായ്മയിലൂടെ 250 കോടി രൂപയും ലഭ്യമാക്കും. സര്‍ക്കാറിെൻറ വികസനലക്ഷ്യങ്ങള്‍ക്ക് സഹായകരമാകുന്ന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാതെ ഒരുകോടി രൂപവരെ വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെമികണ്ടക്ടര്‍ മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ നല്‍കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന വ്യവസായ-നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. ബെല്ജിയമിലെ കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനൊരുങ്ങുകയാണ്. ഇതിനെ മുഖ്യമന്ത്രിയും സര്‍ക്കാറും വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് എം.പി, ഐ.ടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, കെ.എസ്.യു.എം സി.ഇ.ഒ ജോണ്‍ എം. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.