മലപ്പുറം: സംസ്ഥാനത്ത് ലഹരികേസുകൾ കൂടുന്നതിനൊപ്പം ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. ഗതാഗത വകുപ്പിൽനിന്ന് ലഭിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 74,878 പേരാണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ 9632 പേർ മാത്രമായിരുന്നു ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടത്. 2024ൽ സംസ്ഥാനത്ത് ലഹരി ഉപയോഗിച്ച് വാഹനമോടിച്ചത് കാരണമായുള്ള 174 അപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്.
ഒരു വർഷത്തിനിടെ ‘ലഹരി’ അപകടങ്ങളിൽ 15 പേരുടെ ജീവൻ നഷ്ടമായി. ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ 7000ത്തോളം പേരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് സമീപ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത വാഹനാപകടങ്ങൾക്ക് ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും പ്രധാന കാരണമാണെന്ന് വ്യക്തമാണ്.
കോട്ടയത്ത് കൂടുതൽ
കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് കൂടുതൽ ശിക്ഷിക്കപ്പെട്ടവരുള്ളത് കോട്ടയം ജില്ലയിലാണ്. 13,426 പേരാണ് ഇത്തരം കേസുകളിൽ അവിടെ ശിക്ഷിക്കപ്പെട്ടത്. കൊല്ലത്ത് 11,742 പേരും എറണാകുളത്ത് 9,609 പേരും ശിക്ഷനടപടികൾക്ക് വിധേയരായി. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ്. 2024ൽ 812 പേരാണ് അവിടെ ശിക്ഷിക്കപ്പെട്ടത്.
മയക്കുമരുന്ന് ലഹരി കണ്ടെത്താൻ വഴിയില്ല
അതേസമയം മദ്യമല്ലാതെ മറ്റു ലഹരി പദാർഥങ്ങൾ ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാനോ പരിശോധിക്കാനോ പൊലീസിന് വേണ്ടത്ര സംവിധാനങ്ങളില്ലെന്ന പരാതിയുണ്ട്. കഞ്ചാവ് അടക്കമുള്ള എല്ലാ ലഹരിയും പരിശോധന നടത്താൻ ഉപയോഗിക്കുന്ന ആൽക്കോ വാൻ പോലുള്ള സംവിധാനങ്ങൾ ഭൂരിഭാഗം ജില്ലകളിലും അനുവദിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മലപ്പുറത്ത് മദ്യപൻ ഓടിച്ച ആഡംബര വാഹനമിടിച്ച് നിർത്തിയിട്ട രണ്ട് വാഹനങ്ങൾ തകർന്നിരുന്നു. തകർന്ന വാഹനങ്ങളിൽ യാത്രക്കാരില്ലാത്തതിനാലും കാൽനടയാത്രക്കാർ മാറിനിന്നതിനാലുമാണ് വലിയ അപകടമുണ്ടാവാതെ പോയത്. കുറച്ച് മുമ്പ് കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും മഞ്ചേരിയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതിന് പിഴ ചുമത്താൻ ആവേശം കാണിക്കുന്ന പൊലീസും മോട്ടോർ വാഹന വകുപ്പും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാനും കാര്യമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.