വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ.ഐ മോർഫിങ്ങ് ചെയ്തു; ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ 14കാരൻ പിടിയിൽ

കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ.ഐ സാ​ങ്കേതികവിദ്യ ഉപയോഗിച്ച് നഗ്നദൃശ്യങ്ങളുടെ കൂടെ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 14കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥി വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്.

സമൂഹ മാധ്യമങ്ങളിൽനിന്നും സ്കൂൾ ഗ്രൂപ്പുകളിൽനിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. നിർമിച്ചെടുത്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾവഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപ്പെടുത്തുകയാണ് വിദ്യാർഥി ചെയ്തത്.

അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐ.പി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗ്ൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽനിന്നു ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പൊലീസ് വിദ്യാർഥിയിലേക്ക് എത്തിയത്.

അന്വേഷണസംഘത്തിൽ എ.എസ്.ഐ ജോയ്സ് ജോൺ, എസ്.സി.പി.ഒ കെ.എ. സലാം, സി.പി.ഒമാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - 14-year-old arrested for morphing pictures of female students using A.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.