കൊല്ലം: രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും ‘അനുകരണീയ മാതൃക’യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്പന്ന കുടുംബത്തിൽനിന്ന് കോൺഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താൽ കാലെടുത്തുവെക്കുമ്പോൾ തെന്നലയുടെ പേരിൽ ശൂരനാട് 13.5 ഏക്കർ ഭൂമിയുണ്ടായിരുന്നു.
രണ്ടുവട്ടം എം.എൽ.എ, മൂന്നുതവണ രാജ്യസഭാംഗം, രണ്ടുതവണ കെ.പി.സി.സി പ്രസിഡന്റ് അടക്കം വിവിധ പദവികൾ വഹിച്ച് രാഷ്ട്രീയത്തിൽനിന്ന് സ്വയം നിശ്ചയിച്ച വിശ്രമത്തിലേക്ക് അദ്ദേഹം മടങ്ങിയത് തിരുവനന്തപുരത്തെ മകളുടെ വസതിയിലേക്കാണ്. ശൂരനാട് ഇന്ന് അദ്ദേഹത്തിന്റേതായി ശേഷിക്കുന്നത് 16 സെന്റ് ചതുപ്പ് നിലം മാത്രമാണ്. ആദ്യം അടൂരിൽ മത്സരിച്ചപ്പോഴാണ് ശൂരനാട് ആനയടിപാലത്തിന് സമീപമുണ്ടായിരുന്ന നാലര ഏക്കർ സ്ഥലം വിറ്റത്. പിന്നീട് വയലാർ രവി കെ.പി.സി.സി പ്രസിഡന്റായിരിക്കെ പാർട്ടി പത്രം ജപ്തി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ തറവാട് വീടിനോട് ചേർന്ന അഞ്ചര ഏക്കർ വിൽക്കാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരി വേണുഗോപാലക്കുറുപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പഴവിളം പാസ് സൊസൈറ്റിക്കാണ് സ്ഥലം വിറ്റത്. രണ്ടാമത്തെ തെരഞ്ഞെടുപ്പിലാണ് ബാക്കി 1.8 ഏക്കർ വിറ്റത്. ബാക്കിയുള്ള സ്വത്തുക്കൾ പലപ്പോഴായി വിറ്റതും സ്വന്തം കാര്യത്തിനായിരുന്നില്ല. ഭർത്താവ് മരിച്ച സഹോദരിക്കാണ് കുടുംബവീട് നൽകിയത്. അവശേഷിക്കുന്ന 16 സെന്റ് നിലത്തിന്റെ കരം അടച്ചത് കഴിഞ്ഞ ദിവസം താനാണെന്നും വേണുഗോപാലക്കുറുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.